
തൃശൂര്‍: ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ എസ് ആര്‍ ടിസിയുടെ ആദ്യ സര്‍വ്വീസ് എന്‍ കെ അക്ബര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് പുതിയ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ചടങ്ങില്‍ ആര്‍ ടി ക്ലസ്റ്റര്‍ ഓഫീസര്‍ ടി എ ഉബൈദ്, എ ടി അസി ക്ലസ്റ്റര്‍ ഓഫീസര്‍ കെ ജി സുനില്‍, ഇന്‍സ്‌പെക്ടര്‍മാരായ എ ജി സജിത, കെ എ നാരായണന്‍, സൂപ്രണ്ട് രജിനി എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കെ എസ് ആ ര്‍ടി സിയുടെ ഏകദേശം 836 വണ്ടികള്‍ ഷെഡ്ഡില്‍ കിടക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതില്‍ 80 വണ്ടി ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് ഇറക്കും. 2001ല്‍ മന്ത്രിയായിരുന്നപ്പോള്‍ കട്ടപ്പുറത്ത് 600 വണ്ടിയായിരുന്നു ഉണ്ടായിരുന്നത്. ഈ 836 വണ്ടികളും സര്‍വീസ് തുടങ്ങുന്നതോടെ കളക്ഷനും വര്‍ധിക്കും. കെ എസ് ആർ ടി സി തിരുവനന്തപുരം ജില്ലകളിലെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു.
അടുത്തതായി കൊല്ലം ജില്ലയിലേക്ക് കടക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വരും. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ഡീസലില്‍ ലാഭിക്കാൻ കഴിയുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതോടെ തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍.
ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണ്. ഗതാഗത വകുപ്പ് മന്ത്രിയായി കെ. ബി. ഗണേഷ് കുമാർ ചാർജ്ജ് എടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളിൽ ആണ് റൂട്ട് റാഷണലൈസേഷൻ നിർദ്ദേശം മുന്നോട്ടുവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam