
തിരുവനന്തപുരം: നവംബര്‍ മാസം പകുതി ആകുമ്പോഴും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കിട്ടിയില്ല. ശമ്പളപരിഷ്കരണം പോയിട്ട്, ഉള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. കെഎസ്ആർടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍, ശമ്പള പരിഷ്കരണവും, ചര്‍ച്ചയുമില്ല എന്ന് മാത്രമല്ല, ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ല.
പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ഒക്ടോബര്‍ മാസത്തില്‍ ആകെ 113 കോടിയായാരുന്നു വരുമാനം. ഇതില്‍ 60 കോടിയോളം ഇന്ധനച്ചെലവിനും സ്പെയർ പാർട്‍സിനുമായി വിനിയോഗിച്ചു. കണ്‍സോര്‍ഷ്യം വായ്പക്കുള്ള തിരിച്ചടവ് കൂടി കഴിഞ്ഞപ്പോള്‍ ഇതില്‍ കാര്യമായ നീക്കിയിരുപ്പില്ല. നിലവില്‍ പെന്‍ഷനു പുറമേ ശമ്പളത്തിനും സര്‍ക്കാരില്‍ നിന്നുള്ള സഹായം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണ്. സര്‍ക്കാര്‍ സഹായം സംബന്ധിച്ച ഫയലില്‍ ധനവകുപ്പിന്‍റെ തീരുമാനം നീളുന്നതാണ് ഈ മാസത്തെ പ്രതിസന്ധിക്ക് കാരണം.
നിലവില്‍ ശമ്പളവും പെൻഷനുമുള്ള സാമ്പത്തിക സഹായം നല്‍കുന്നത് സര്‍ക്കാരാണ്. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാർട്ട്മെന്‍റാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
ശമ്പളവും ശമ്പള പരിഷ്കരണവും വൈകുന്നതിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. മറ്റ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീയതി പ്രഖ്യാപിക്കും. തിങ്കളാഴ്ച കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ടിഡിഎഫ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam