KSRTC STRIKE | യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണം, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആൻ്റണി രാജു

By Web TeamFirst Published Nov 4, 2021, 10:33 AM IST
Highlights

ശമ്പള പരിഷ്കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആ‍ർടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം.

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസി (KSRTC) യൂണിയനുകളുടെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആൻ്റണി രാജു (Antony Raju). സമരത്തിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്നും കടുംപിടുത്തം ഒഴിവാക്കണമെന്നും ആൻ്റണി രാജു ആവശ്യപ്പെട്ടു. ഡിസംബറിൽ പുതുക്കിയ ശമ്പളം നൽകാൻ ഈ മാസം 20ന് മുമ്പ് തീരുമാനം എടുത്താൽ മതിയെന്നാണ് മന്ത്രി പറയുന്നത്. 

ശമ്പള പരിഷ്കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആ‍ർടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം. സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആൻ്റണി രാജു പറഞ്ഞു. യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം. 

ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് തുടങ്ങുന്നത്. ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന. 

അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്കരണം ഉറപ്പാക്കുമെന്നാണ് ഗതാഗത മന്ത്രി ആവർത്തിക്കുന്നത്. മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയും ആയി ചർച്ച നടത്താൻ സാവകാശം നൽകണമെന്നും 24  മണിക്കൂറിനുള്ളിൽ തീരുമാനം ഉണ്ടാകണം എന്ന് നിർബന്ധിക്കരുതെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. 

click me!