ശമ്പളപരിഷ്കരണം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്

Published : Nov 04, 2021, 09:29 AM IST
ശമ്പളപരിഷ്കരണം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്

Synopsis

ശമ്പള പരിഷ്കരണത്തിലടക്കമുള്ള അസംതൃപ്തിയെ തുടർന്ന് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം 2020 ലാണ് ലഭ്യമായത്. ഉത്തരവ് 2020 സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല. ഇതാണ് സമരത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെന്ന പരാതിയും ഇവർക്കുണ്ട്. മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്ന് കെജിഎംസിടിഎ പറയുന്നു. സർക്കാരിന്റെ അവഗണനക്കെതിരെ നവംബർ 9 ന് എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് അധ്യാപകർ പ്രതിഷേധജാഥയും ഓഫീസുകൾക്ക് മുൻപിൽ ധർണയും നടത്തും.

രോഗികളെ പരിചരിക്കുന്നതിൽ തടസമുണ്ടാകാതെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രതിഷേധം നടത്തുക. ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ ഇങ്ങനെ.

  • എൻട്രി കേഡറിൽ ശമ്പള സ്കെയിലിലെ അപാകതകൾ പരിഹരിക്കുക
  • അസ്സോസിയേറ്റ് പ്രൊഫസറായുള്ള സ്ഥാനക്കയറ്റത്തിന് ദീർഘിപ്പിച്ച കാലയളവ് പുനക്രമീകരിക്കുക.
  • ഡോക്ടർമാരെ നിലവിലുള്ള മെഡിക്കൽ കോളേജിൽ നിന്ന് പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളിലേക്ക് ക്രമവിരുദ്ധമായി മാറ്റരുത്.
  • സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് യൂജിസി നിബന്ധനകളിൽ വന്നുപോയിട്ടുള്ള അപാകതകൾ പരിഹരിക്കുക.
  • എല്ലാ അദ്ധ്യാപകർക്കും പരിഷ്കരിച്ച ഉത്തരവ് പ്രകാരമുള്ള പേ സ്ലിപ് ലഭ്യമാക്കുക.
  • പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും ശമ്പളകുടിശ്ശികയും കാലതാമസമില്ലാതെ വിതരണം ചെയ്യുക.
  • പുതുക്കിയ ഡി.എ ഉടൻ എല്ലാ ഡോക്ടർമാർക്കും ലഭ്യമാക്കുക.
  • 10 വർഷത്തിൽ കൂടുതൽ സേവനകാലാവധി ഉള്ള പ്രൊഫെസ്സർമാരുടെ(കേഡറും / CAP യും) പേ ലെവൽ 15 ലേക്ക് മാറ്റുക.
  • അസ്സോസിയേറ്റ് പ്രൊഫസർ അഡീഷണൽ പ്രൊഫസർ ആകാനുള്ള കാലാവധി 1/1/2016 മുതൽ 3 വർഷമായി ചുരുക്കണം.
  • ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന സമയബന്ധിത സ്ഥാനക്കയറ്റം ഉടൻ നടപ്പിലാക്കുക.
  • റെഗുലർ പ്രോമോഷനുമായി ബന്ധപ്പെട്ട ഡി.പി.സി മീറ്റിങ്ങുകൾ കാലതാമസമില്ലാതെ നടത്തുക
  • അഡിഷണൽ പ്രൊഫസർ ആയ ദിനം മുതൽ തന്നെ എല്ലാ അഡിഷണൽ പ്രൊഫസർമാരെയും പ്രൊഫസറായി (CAP) പുനർനാമകരണം ചെയ്യണം.
  • കെജിഎംസിടിഎ സമർപ്പിച്ച അനോമലി കറക്ഷൻ പ്രൊപോസലിലെ എല്ലാ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണം.

അനുഭാവപൂർണമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതുവരെ പ്രത്യക്ഷമായ പ്രക്ഷോഭ പരിപാടികൾ തുടരും. ഘട്ടംഘട്ടമായി സമരം ശക്തിപ്പെടുത്തുമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ എസ് ബിനോയ് അറിയിച്ചു.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K