KSRTC:സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കെഎസ്ആര്‍ടിസി, പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു

Published : May 24, 2022, 10:04 AM ISTUpdated : May 24, 2022, 10:20 AM IST
KSRTC:സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കെഎസ്ആര്‍ടിസി, പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന്‍   ലക്ഷ്യമിടുന്നു

Synopsis

സർവീസ് കൂട്ടുമ്പോൾ ഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്മെൻ്റ് നിർദ്ദേശം നൽകി.ഓരോ യുണിറ്റിനും ടാർജറ്റും നിശ്ചയിച്ച് നൽകി.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി.ശരാശരി 151 കോടി രൂപയാണ്  പ്രതിമാസ വരുമാനം ഇത് 240 കോടി കോടിയെങ്കിലുമായി ഉയർത്തിയാൽ പ്രതിഡികൾ മറികടക്കാമെന്നാണ് മാനേജ്മെൻ്റിന്‍റെ  കണക്ക് കൂട്ടൽ. ഇതിനായി ഓരോ യുണിറ്റിനും ടാർജറ്റ് നിശ്ചയിച്ച് നൽകിക്കഴിഞ്ഞു. സർവീസ് കൂട്ടുമ്പോൾ ഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്മെൻ്റ് നിർദ്ദേശം നൽകി. നിലവില്‍ പ്രതിദിനം 3800 സർവീസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്.തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതൽ ബസ്സുകൾ ഇറക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി  നടപ്പിലാക്കും. ഇതിൻ്റെ ഭാഗമായി രണ്ട് സ്പെല്ലുകൾക്ക് ഇടവേളയിൽ മണികൂറിൽ 75 രൂപ കണക്കാക്കി ഡ്രൈവർക്കും കണ്ടക്ടർക്കും നൽകും. രണ്ട് സ്പെല്ലും കൂടി 8 മണിക്കുർ കഴിഞ്ഞാൽ സറണ്ടർ തുകയ്ക്ക് ആനുപാതികമായി അലവൻസും നൽകും. 

വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു.  യൂണിയനുകളെ കൂടി വിശ്വാസത്തിലെടുത്തുള്ള പരീക്ഷണത്തിനാണ് മാനേജ്മെൻ്റ് തീരുമാനം. എന്നാൽ ദിവസത്തിൻ്റെ പകുതിയും തൊഴിലിടത്തിൽ കുടുക്കിയിടുന്നതാണ് തീരുമാനം എന്ന വിമർശനം ഒരു വിഭാഗം തൊഴിലാളികൾ ഉയർത്തുന്നു

Also read;KSRTC SWIFT : കെ സ്വിഫ്റ്റിലൂടെ കരകയറാൻ കെഎസ്ആർടിസി; 700 സിഎൻജി ബസുകൾ വാങ്ങും, മന്ത്രിസഭാ അനുമതിയായി

സി.എൻ.ജി ബസുകൾ ഡീസൽ ബസുകളുടെ ഇരട്ടി വിലയ്ക്ക് വാങ്ങുന്നുവെന്നതില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

 1300 ഡീസൽ ബസുകളുടെ  വിലയ്ക്ക് തുല്യമായി  ഇരട്ടിയിലധികം  വില നൽകി 700  സി.എൻ.ജി ബസുകൾ വാങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍  തെറ്റാണെന്ന് കെഎസ്ആർടിസി. സിഎൻജി ബസുകൾക്ക്  പ്രവർത്തന ചിലവ് കൂടുതലാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ  ഡീസൽ ബസുകൾ വാങ്ങാനുള്ള തുക നൽകാൻ  കിഫ്ബി തയ്യാറാകുന്നില്ല. എൽ.എൻ.ജി, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ ക്ലീൻ ഫ്യൂവൽ  ബസുകൾക്ക് മാത്രമാണ് കിഫ്ബി തുക നൽകുന്നത്.  സർക്കാർ ​ഗ്രാന്റ് ഉപയോ​ഗിച്ച് ഡീസൽ ബസ് വാങ്ങുന്നുണ്ട്. എന്നാൽ അത് ദീർഘ ദൂര സർവ്വീസുകൾക്ക് വേണ്ടി മാത്രമാണ്.  
കെഎസ്ആർടിസിക്ക് ഏകദേശം 2300 ഓർഡിനറി സർവ്വീസ് ഉണ്ട്. സി.എൻ.ജി ബസുകൾക്ക് റേഞ്ച്  ( ഒരു പ്രാവശ്യം ഇന്ധനം നിറച്ച ശേഷം ഓടാവുന്ന പരമാവധി ദൂരം) കുറവാണ് , ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 400 കിലോ മീറ്റർ വരെയേ പരമാവധി ബസ് ഓടുകയുള്ളൂ. ഓർഡിനറി ബസുകൾ സി.എൻ.ജിയിലേക്ക് മാറിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ  ഇന്ധന ചിലവ് ലാഭിക്കാനാകും. കൂടാതെ ഭാവിയിൽ  സിബിജി ( കംപ്രസ്ഡ് ബയോ​ഗ്യാസ് )യിൽ  നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനം ഇതിൽ  ഉപയോ​ഗിക്കാനും സാധിക്കും. സിബിജി പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇത് സി.എൻ.ജി.യെക്കാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.

കഴിഞ്ഞ വർഷത്തെ  ടെന്റർ പ്രകാരം കെഎസ്ആർടിസിയിൽ ഡീസൽ ബസ് ഒരെണ്ണം  വാങ്ങിയത്   33,78,800 രൂപയ്ക്കും,  310 സി.എൻ.ജി ബസുകൾക്കുള്ള   ദര്‍ഘാസിൽ  ലഭ്യമായത് ഒരു ബസിന്    37,99,685 രൂപയ്ക്കുമാണ്.  ഇവ തമ്മിലുള്ള വ്യത്യാസം കേവലം 4,20,885 രൂപയുമാണ് അല്ലാതെ ഇരട്ടി വിലയില്ല. 2016 ല്‍ 4 സിലിണ്ടര്‍ സി.എൻ.ജി ബസ് വാങ്ങിയ വില 24,51,327 രൂപയ്ക്കുമാണ്. ഈ നാല് സിലിണ്ടർ സി.എൻ.ജി ബസ് കഴിഞ്ഞ 5 വർഷമായി  ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്. 
ഇത്   ദീർഘ ദൂര സർവ്വീസ് നടത്തിയപ്പോൾ ഒരു കിലോയ്ക്ക്  കിട്ടിയ മൈലേജ്  4.71 കിലോ മീറ്ററും, ഇപ്പോൾ   തിരുവനന്തപുരത്ത് സിറ്റി സർക്കുലർ നടത്തുമ്പോൾ ഒരു കിലോയ്ക്ക്  ലഭ്യമായ മൈലേജ് 3.62 കിലോ മീറ്ററുമാണ്.   400  കിലോമീറ്ററിനപ്പുറം റേഞ്ച് ലഭിക്കാത്തതിനാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന സി.എൻ.ജി ബസുകൾ  ദീർഘ ദൂര സർവ്വീസിന് ഉപയോ​ഗിക്കാതെ   ഓർഡിനറി സർവ്വീസുകൾക്കാണ് ഉപയോ​ഗിക്കുന്നത്.  മലയോര മേഖലയിൽ ഈ ബസുകൾ കയറ്റം കയറുന്നത് ബുദ്ധിമുണ്ട് ഉണ്ട്. മൈലേജിൽ വ്യത്യാസം വരാതെ ഉയർന്ന ശേഷിയുള്ള 4/6 സിലിണ്ടർ ബസുകളും പരി​ഗണനയിൽ ഉണ്ട്.ഈ 310 ബസുകളുടെ പരീക്ഷണ സർവ്വീസുകളും  പ്രോട്ടോ ടൈപ്പ് പരീക്ഷണവും പൂർത്തിയാകുന്ന മുറയ്ക്ക് ഈ ബസുകൾ  തീരപ്രദേശങ്ങളിലാകും സർവ്വീസിനായി നൽകുക.  

ഇപ്പോഴത്തെ കുറച്ച വില അനുസരിച്ച് ഒരു ലിറ്റർ  ഡീസലിന്റെ  വില 96.52 രൂപയും,   ഒരു കിലോ സി.എൻ.ജി യുടെ വില 83 രൂപയുമാണ്.  ഏകദേശം 13.52 രൂപയോളം വില വ്യത്യാസവും ഉണ്ട് ഇവ തമ്മിൽ . ഡീസൽ വില ഏത് സമയവും ഉയർന്ന് പോകുന്ന സാഹചര്യമായതിനാൽ ഇനി ഡീസലിലേക്ക് പോകുക എന്നത് പ്രായോ​ഗികവുമല്ല. ഇപ്പോഴത്തെ വിലയിൽ പോലും 4 കിലോ മീറ്റർ മൈലേജ് കണക്കായാൽ  കിലോ മീറ്ററിന്  സി.എൻ.ജി ഉപയോ​ഗിച്ചാൽ 20.75  രൂപയാണ് ചിലവാകുക. ഡീസലിന് ഒരു കിലോ മീറ്റനിന്  24 രൂപ ചിലവ് വരും. കഴിഞ്ഞ ദിവസം വരെയുള്ള ഡീസൽ പൊതുവിപണി വില അനുസരിച്ച് കിലോ മീറ്ററിന് 25.75 രൂപയാണ് ഡീസൽ ചിലവ്.


ദീർഘ ദൂര സർവ്വീസുകൾക്ക് നിലവിൽ ഡീസൽ ബസുകളെ സാധ്യമാകുകയുള്ളൂ. ഇതിനായി കഴിഞ്ഞ വർഷം 116 ബസുകൾ വാങ്ങിയിരുന്നു. ഈ വർഷം 140 ബസുകൾ വാങ്ങാനും പദ്ധതി വിഹിതം നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.9 വർഷം തികയുന്ന 234 സൂപ്പർ ക്ലാസ് ബസുകൾ ഈ വർഷം  ഓർഡിനറിയായി മാറ്റേണ്ടതുണ്ട്.  നിലവിലെ ഡീസൽ വിലയുടെ അടിസ്ഥാനത്തിൽ  സമീപ ഭാവിയിൽ ഡീസൽ വില 150 രൂപയ്ക്കും, 200 രൂപയ്ക്കും മുകളിൽ പോകാനുള്ള സാധ്യതയുണ്ട്.എൽ.എൻ.ജി യുടെ വില ഒരു കിലോയ്ക്ക് 170 രൂപ വരെയാണ് പെട്രോനെറ്റ് കണക്കാക്കുന്നത്.  120 കിലോമീറ്റർ റേഞ്ചുള്ള  ഇലക്ട്രിക് ബസ് ഒന്നിന്റെ വില 92.5 ലക്ഷം രൂപയുമാണ്. ഇക്കാര്യങ്ങൾ പരി​ഗണിക്കുമ്പോൾ സി.എൻ.ജി അല്ലാതെ മറ്റൊരു ബദൽ മാർ​ഗം കെഎസ്ആർടിസിയുടെ മുന്നിൽ ഇപ്പോൾ ഇല്ലെന്നും സിഎംഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും