ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്ആർടിസി തീരുമാനമെടുത്തു, ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വിൽക്കും

Published : May 20, 2022, 12:01 AM IST
ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്ആർടിസി തീരുമാനമെടുത്തു, ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വിൽക്കും

Synopsis

തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന  28  ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്.

തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ ബസുകൾ ആക്രി വിലയ്ക്ക് കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് കെ എസ് ആർ ടി സി മാനേജ്മെന്‍റ്. ജൻറം എ സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ജൻറം എ സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനമെന്ന് കെ എസ് ആർ ടി സി മാനേജ്മെന്‍റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന  28  ബസുകളിൽ 10 എണ്ണമാണ്  സ്ക്രാപ്പ് ചെയ്യുന്നത്.

കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ അറിയിപ്പ് പൂർണരൂപത്തിൽ

സംസ്ഥാനത്ത് ആദ്യമായി ജൻറം എ സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനം. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28  ബസുകളിൽ 10 എണ്ണമാണ് 10 സ്ക്രാപ്പ് ചെയ്യുന്നത്. 2018 മുതൽ 28 ലോ ഫ്ലോർ എ സി ബസുകൾ തേവര യാർഡിൽ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് കെഎസ്ആർടിസി നിയോ​ഗിച്ച കമ്മിറ്റി പരിശോധിക്കുകയും, അതിൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതാണ് ഉചിതമെന്ന്  തീരുമാനിക്കുകയുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ലോ ഫ്ലോർ ബസ് സ്ക്രാപ്പ് ചെയ്യാൻ തീരുമാനിക്കുന്നത്. ഈ വാഹനങ്ങൾ  ഡിമാന്റ് വരുമ്പോൾ റിപ്പയർ ചെയ്ത് ഉപയോ​ഗിക്കാമെന്നായിരുന്നു മാനേജ്മെന്റ് എടുത്തിരുന്ന നിലപാട്. എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഇങ്ങനെ യാർഡിൽ സൂക്ഷിക്കാതെ കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇത് വിറ്റ് കൂടെ എന്ന് ചോ​ദിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി വിദ​ഗ്ധ സമിതിയെ നിയോഗിക്കുകയും, അവർ പരിശോധിച്ച് 28 ൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യാനും, ബാക്കിയുള്ളവ ഉപയോ​ഗിക്കാനും നിർദ്ദേശം നൽകിയത്.

കെഎസ്ആർടിസി എഞ്ചിനീയർമാരെ കൂടാതെ മോട്ടോര്‍ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, എന്നിവടങ്ങളിലെ ഉദ്യോ​ഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകള്‍ പരിശോധിച്ചു. ആയതില്‍ അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചിലവ് വരുന്ന 10 ബസ്സുകള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ബസ്സുകള്‍ 2018  മുതൽ -2020 കാലയളവിൽ ബ്രേക്ക് ഡൗൺ ആകുകയും, അന്ന് മുതൽ  ഓടാതെ കിടക്കുന്നവയുമാണ്,  ഈ ബസ്സുകള്‍ക്ക്  കുറഞ്ഞത് 21ലക്ഷം രൂപ മുതൽ  45 ലക്ഷം രൂപയും ചിലവഴിച്ചാലെ നിരത്തിലിറക്കാനാകുകയുള്ളൂവെന്നും വിദ​ഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ ഇനത്തില്‍ ആകെ മൂന്നരക്കോടി രൂപ ഈ 10 ബസ്സുകള്‍ നിരത്തിലിറക്കണമെങ്കില്‍ ചിലവഴിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ മൂന്നര കോടി ചിലവഴിച്ചാൽ തന്നെ  നിലവിലെ ഡീസല്‍ വിലയിൽ കുറഞ്ഞ മൈലേജുള്ള ഈ ബസ്സുകള്‍ ലാഭകരമായി സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ  ദീർഘ ദൂര സർവ്വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന സീറ്റുകളല്ല ഈ ബസ്സുകള്‍ക്കുള്ളത്. ഇക്കാരണങ്ങളാലും ഫിറ്റ്നസ് സര്‍ഫിക്കറ്റ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വര്‍ദ്ധിച്ച ചിലവും, 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് സ്ക്രാപ്പ്  ചെയ്യാൻ തീരുമാനിച്ചത്.

കെഎസ്ആർടിസിക്ക് പരിമിത എണ്ണം എ സി ബസുകൾ മാത്രമാണ് ഉള്ളത്. ഈ ബസുകൾ സീറ്റിന്റെ പ്രശ്നവും, മൈലേജിന്റെ കാര്യവും ഒഴിച്ചാൽ എഞ്ചിൻ ഉൾ‍പ്പെടെയുള്ളവ മറ്റുള്ള ബസുകളെക്കാൽ എല്ലാത്തലത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. അത് കൊണ്ടാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഇത് റിപ്പയർ ചെയ്യാമെന്ന് കരുതി നിലനിർത്തിയിരുന്നത്. ബഹു ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പ്രതിപാദിച്ച വിദഗ്ധ സമിതിയെ നിയമിച്ച് പരിശോധന നടത്തിയത്. ഇതിന്റെ എ‍ഞ്ചിനും, മറ്റ് ഉപയോഗ യോഗ്യമായ പാര്‍ട്സും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിട്ടുള്ള ശേഷിക്കുന്ന 18 ബസുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ ഏകദേശം 2 കോടി രൂപ ലാഭിക്കാന്‍ കഴിയും. കൂടാതെ 1.5 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സുകള്‍ കൂടി ലഭ്യമാക്കിയാല്‍ പ്രസ്തുത ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കാന്‍ സാധിക്കുകയും ചെയ്യും.

മറ്റ് നോൺ എ സി  ബസ്സുകള്‍ 920 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിന് നിലവില്‍ ബോർഡ് അനുമതി നല്‍കിയിട്ടുണ്ട്. ആയതില്‍ 620 ബസ്സുകള്‍ സ്ക്രാപ്പ് ചെയ്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ M/s MSTC മുഖാന്തിരം ലേലം ചെയ്യുന്നതിനും, 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കുന്നതിനുമാണ്  തീരുമാനിച്ചരിക്കുന്നത്. സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളില്‍ 300 എണ്ണം ലേല നടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്, ഇതില്‍ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്. ശേഷിക്കുന്ന ബസ്സുകളുടെ ലേലം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. വിവിധ ഡിപ്പോകളിലായി  ഷോപ്പ് ഓണ്‍ വീല്‍ എന്ന പദ്ധതിയിൽ 32 കണ്ടം ചെയ്യേണ്ട ബസുകളിൽ വാണീജ്യ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബാക്കി വിവിധ ഡിപ്പോകളില്‍ ലഭ്യമാക്കി സ്വകാര്യ സംരംഭകർക്ക് ലേലം ചെയ്ത് കൊടുക്കുന്നതാണ്. കൂടാതെ നാല് ബസുകൾ ഇതിനകം തന്നെ കാര്യവട്ടം കാമ്പസിൽ ക്ലാസ് മുറികളായിട്ടും, ഭീമനാട് യുപി സ്കൂളിൽ ലൈബ്രറിയായിട്ടും നൽകിയിട്ടുണ്ട്. രണ്ട്  ലോ ഫ്ലോർ ബസ്സുകള്‍ മണക്കാട് സ്കൂളിലെ ക്ലാസ് മുറിയായി ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.

സ്ക്രാപ്പ് ചെയ്ത ബസ്സുകളുടെ ഉപയോഗ യോഗ്യമായ എഞ്ചിനും മറ്റ് പാര്‍ട്സുകളും ആവശ്യാനുസരണം മറ്റ് ബസ്സുകള്‍ക്ക് ഉപയോഗപ്പെടുത്തിവരുന്നു. നിലവില്‍ പാര്‍ക്കിംഗ് യാർഡുകളിൽ സ്ക്രാപ്പ് ചെയ്യാനുള്ള ബസ് മാത്രമാണ് അവശേഷിക്കുന്നത് എങ്കിലും, മുൻപ് സ്ക്രാപ്പ്  ചെയ്യണമോ, റിപ്പയർ ചെയ്യണമോ എന്ന് തീരുമാനിക്കാനായി വർക്ക്ഷോപ്പുകളിൽ നിന്നും യാർഡുകളിലേക്ക് മാറ്റിയ ബസുകളുടെ ഫോട്ടോയാണ് ഹൈക്കോടതിയിൽ പോലും പരാതിക്കാർ നൽകിയിരിക്കുന്നത്. ഇത് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വാഹനങ്ങളുടെ ശവപറമ്പായി കിടക്കുന്നതായി തോന്നുന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. പാറശാല, ഈഞ്ചക്കൽ, ചടയമംഗലം,ചാത്തന്നൂര്‍, കായംകുളം, ഇടപ്പാൾ ,ചിറ്റൂർ എന്നീ യാർഡുകളിൽ ഉള്ള ഉപയോഗ യോഗ്യമായ ബസുകൾ ഇതിനകം തന്നെ റിപ്പയർ ചെയ്ത് പ്രവർത്തന യോ​ഗ്യമാക്കിയിട്ടുണ്ട്. എന്നാൽ സ്പെയർ പാർട്സുകൾ ലഭിക്കാത്ത ഏതാണ്ട് 500 ഓളം ബസുകൾ ഉണ്ട്. അതും സ്പെയർ പാർട്സുകൾ കിട്ടുന്ന മുറയ്ക്ക് സർവ്വീസിന് ഉപയോ​ഗിക്കുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഏഴരക്കോടിയിൽ കൂടുതൽ വന്നാലും പണിതു തരും', സമസ്ത വേദിയിൽ എംഎ യൂസഫലിയുടെ പ്രഖ്യാപനം, പള്ളി നിര്‍മിച്ച് നൽകും
കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്