
തിരുവനന്തപുരം: കത്ത് വിവാദം കത്തി നിൽക്കവെ മേയർക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി - യുവജന സംഘടനകളുടെയും പ്രതിഷേധം ഇന്നും ശക്തമായിരുന്നു. മേയർ ആര്യ രാജേന്ദ്രന്‍റെ വീടിന് മുന്നിലെത്തി കരിങ്കൊടി കാട്ടിയായിരുന്നു കെ എസ് യു പ്രതിഷേധം. മേയർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു വീടിന് മുന്നിലെ കെ എസ് യുവിന്‍റെ കരിങ്കൊടി കാണിക്കൽ. മുന്ന് കെ എസ് യു പ്രവർത്തകരാണ് സ്ഥലത്തെത്തിയതെങ്കിലും മേയർ വാഹനത്തിൽ കയറുമ്പോൾ ഒരു പ്രവർത്തകന് മാത്രമേ കരിങ്കൊടി കാട്ടാനായുള്ളു. ഇയാളെ സ്ഥലത്തുണ്ടുണ്ടായിരുന്ന സി പി എമ്മുകാർ കൈകാര്യം ചെയ്യുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെടും മുമ്പെയായിരുന്നു മേയർക്ക് സംരക്ഷണം തീർക്കാനെത്തിയ സി പി എമ്മുകാർ പ്രതിഷേധക്കാരനെ മർദ്ദിച്ചത്. പിന്നീട് പൊലീസ് കെ എസ് യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
വീഡിയോ കാണാം
അതേസമയം മേയറെ കരിങ്കൊടി കാണിക്കാനെത്തിയ പ്രവർത്തകരെ സി പി എമ്മുമാർ മർദ്ദിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി പി എമ്മിന്‍റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ, സി പി എം ക്രിമിനലുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി. മാത്രമല്ല കെ എസ് യു പ്രവര്‍ത്തകരെ സംഭവത്തിൽ അറസ്റ്റ് ചെയ്ത പൊലീസ് അക്രമികളായ സി പി എം പ്രവര്‍ത്തകരെ വെറുതെ വിട്ടെന്നും സുധാകരൻ പറഞ്ഞു. സി പി എമ്മിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്നാണ് പൊലീസ് കരുതുന്നതെങ്കിൽ നേരിടാൻ അറിയാമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam