
തിരുവനന്തപുരം: കെഎസ്‌യു നേതാവിന്റെ സർട്ടിഫിക്കറ്റ് വിവാദത്തില്‍ ആരോപണങ്ങൾ നിഷേധിച്ച് അൻസിൽ ജലീൽ. കേരള സർവകലാശാലയിൽ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അൻസിൽ ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബി.എ ഹിന്ദി ലിറ്ററേച്ചറാണ് സർവകലാശാലയിൽ പഠിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജോലിയിലോ പ്രവേശിച്ചിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നും അൻസിൽ ജലീൽ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അൻസിൽ ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെഎസ്‌യു നേതാവിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉണ്ടയില്ല വെടിയെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.
കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്‍റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്‍റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്. പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി നൽകിയത് സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
Also Read: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: വിശദാംശങ്ങൾ ആരാഞ്ഞ് ഗവർണർ, കേസെടുത്ത് പൊലീസ്
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദം കടുത്തതോടെ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്എഫ്ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam