
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സംഘടനകൾ. സിപിഎം-ബിജെപി ഡീൽ ഉയർത്തിക്കാട്ടി കെ.എസ്.യു പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച്ച പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ വസതിയിലേക്ക് കെ.എസ്.യു നൈറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നാളെ സ്പീക്ക് അപ്പ് ക്യാമ്പയ്നും, ചൊവ്വാഴ്ച്ച നിയോജക മണ്ഡലം തലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും, ബുധനാഴ്ച്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർത്ഥികളെ അണി നിർത്തി ലോങ്ങ് മാർച്ചും സംഘടിപ്പിക്കാൻ ഇന്നലെ പത്തനംതിട്ട മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിൻ്റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. കേരളത്തിൻ്റെ മേഖലയെ ആർ.എസ്.എസ്സിനു വിറ്റ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മൂന്നു ദിവസം നീണ്ടുനിന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം ജെ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ,ആൻസെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്,സംസ്ഥാന സംഘടനാ ജന: സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ ഉൾപ്പെടെ ജന: സെക്രട്ടറിമാർ, ജില്ല പ്രസിഡന്റ്മാർ,കൺവീനർമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റ്മാർ തുടങ്ങിയവർ സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam