
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യിൽ നിന്ന് കെഎസ്‍യുവിലെ ഒരു വിഭാഗം വിട്ടുനിൽക്കുന്നു എന്ന വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. താൻ യാത്രയിൽ നിന്ന് വിട്ടുനിന്നതല്ലെന്നും ശാരീരിക അസ്വസ്ഥതകൾ മൂലമാണ് പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് വെച്ച് നടന്ന യാത്രയുടെ ഉദ്ഘാടന പരിപാടികളിൽ അലോഷ്യസ് സേവ്യർ പങ്കെടുക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. കെഎസ്‍യുവിലെ ഒരു വിഭാഗം യാത്രയോട് സഹകരിക്കുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിശദീകരണം നൽകിയത്.
തനിക്ക് ഫുഡ് പോയ്‌സൺ ബാധിച്ചതിനാൽ ഇന്നലെ കാസർകോട് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമായി താൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. യുഡിഎഫ് സംവിധാനം ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒറ്റക്കെട്ടായി സജ്ജമായിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇത്തരം വാർത്തകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അലോഷ്യസ് പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെ ചാനൽ റേറ്റിംഗ് മാത്രം മുന്നിൽകണ്ട് നികേഷ് കുമാറിന്‍റെ പിആർ ഓഫീസിൽ നിന്ന് പടച്ചുവിടുന്ന ഇത്തരം വാർത്തകളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ പുതുയുഗ യാത്ര ഇന്നലെയാണ് കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക കക്ഷികളുടെ പതാകകൾ കൈമാറിയായിരുന്നു ഉദ്ഘാടനം. നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യമാണ് സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഉയർത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ള അടക്കം പിണറായി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് യാത്രയിലൂടെ യു ഡി എഫ് ലക്ഷ്യമിടുന്നത്. അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ യാത്രയിൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam