അഭിജിത്തിന്‍റെ വാദം പൊളിയുന്നു? വ്യാജ പേരിലുള്ള കൊവിഡ് പരിശോധനാ സമ്മതപത്രം പുറത്ത്

By Web TeamFirst Published Sep 24, 2020, 9:50 PM IST
Highlights

ക്വാറന്‍റീന്‍ സൗകര്യമുണ്ടെന്നും ആശുപത്രിയില്‍ പോകേണ്ടെന്നും കാട്ടി അഭി എം കെ എന്ന പേരില്‍ അഭിജിത് ഒപ്പിട്ട് നല്‍കിയതായി സൂചിപ്പിക്കുന്ന കത്താണ് പുറത്തു വന്നത്. എന്നാല്‍ ഇങ്ങനെയൊരു കത്ത്  താന്‍ നല്‍കിയിട്ടില്ലെന്ന്  അഭിജിത്

തിരുവനന്തപുരം: പേരുമറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ വാദത്തെ ചോദ്യം ചെയ്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മതപത്രം പുറത്ത്. ക്വാറന്‍റീന്‍ സൗകര്യമുണ്ടെന്നും ആശുപത്രിയില്‍ പോകേണ്ടെന്നും കാട്ടി അഭി എം കെ എന്ന പേരില്‍ അഭിജിത് ഒപ്പിട്ട് നല്‍കിയതായി സൂചിപ്പിക്കുന്ന കത്താണ് പുറത്തു വന്നത്.

അഭി എം കെ  എന്ന പേരില്‍ പോത്തന്‍കോട്ടെ പരിശോധന കേന്ദ്രത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത് കൊവിഡ് പരിശോധന നടത്തിയെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഭിജിത്തിനെതിരെ പൊലീസ് ആള്‍മാറാട്ടം,പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസും എടുത്തു. എന്നാല്‍ പരിശോധനാ കേന്ദ്രത്തില്‍ അഭിജിത് കെ എം എന്ന പേരു തന്നെയാണ് നല്‍കിയതെന്നും കേട്ടെഴുതിയ പഞ്ചായത്ത് ജീവനക്കാര്‍ രേഖപ്പെടുത്തിയതിലെ പിഴവായിരിക്കാം വിവാദത്തിനു കാരണമെന്നും അഭിജിത് പറഞ്ഞു. രാഷ്ട്രീയമായി സര്‍ക്കാര്‍ പകപോക്കുകയാണെന്നും കെഎസ് യു നേതാവ് ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ അഭിജിത് ഒപ്പിട്ട് നല്‍കിയതായി പറയുന്ന കത്ത് പുറത്തുവന്നത്. അഭി എം കെ എന്ന തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ക്വാറന്‍റീന്‍ സൗകര്യം ഉളളതിനാല്‍ ആശുപത്രിയിലേക്ക് പോകേണ്ടതില്ലെന്ന് കാട്ടിയുളള സമ്മതപത്രത്തില്‍ അഭിജിത്ത് ഒപ്പിട്ടു നല്‍കിയിരുന്നെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. 

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് യഥാര്‍ഥ കത്ത് നശിപ്പിച്ചു കളഞ്ഞെന്നും കത്തിന്‍റെ പകര്‍പ്പ് രേഖകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇങ്ങനെയൊരു കത്ത് താന്‍ എഴുതുകയോ ഒപ്പിട്ടു നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് അഭിജിത്തിന്‍റെ വാദം. ഇതിനിടെ അഭിജിത്തിന്‍റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.
 

click me!