കെസിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അലോഷ്യസ് സേവ്യർ; 'നന്ദാവനം പൊലീസ് ക്യാമ്പിൽ നേരിട്ട മർദ്ദനത്തേക്കാൾ വലുതല്ല ഇപ്പോഴത്തെ വേട്ടയാടലുകൾ'

Published : Apr 15, 2026, 11:43 PM IST
Aloshious Xavier, KC Venugopal

Synopsis

കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ  രംഗത്ത്. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള മാധ്യമ ചർച്ചയിൽ കെസിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നുവെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അലോഷ്യസ് തുറന്ന കത്തിൽ പറയുന്നു. 

തിരുവനന്തപുരം: കെ സി വേണുഗോപാലിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും നിസ്വാർത്ഥമായ പോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാവുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള മാധ്യമ ചർച്ചയിൽ കെസിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കെസിയെ ഉയർത്തി കാട്ടി ഒരു വിഭാഗം നേതാക്കൾ ഇന്ന് രംഗത്തുവന്നത്. കെ സുധാകരൻ, റോജി എം ജോൺ, രമ്യ ഹരിദാസ് എന്നിവരും കെസിയെ വാഴ്ത്തി രംഗത്തെത്തി. മാധ്യമങ്ങളുടെയോ സോഷ്യൽ മീഡിയ ലൈക്കുകളുടെയോ വാഴ്ത്തു പാട്ടുകളുടെയോ പിന്തുണയോടെ ആയിരുന്നില്ല കെസിയുടെ യാത്രയെന്ന് ബോധ്യമുണ്ടെന്ന് അലോഷ്യസ് സേവ്യർ കുറിച്ചു. കനൽ വഴികളിൽ പതറാതെ തളരാതെ മുന്നോട്ടു പോയി പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിന് ഊർജ്ജം പകർന്ന നേതാവാണ് കെസി. നന്ദാവനം പൊലീസ് ക്യാമ്പിൽ നേരിട്ട മർദ്ദനത്തേക്കാൾ വലുതൊന്നുമല്ല സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നടത്തുന്ന വേട്ടയാടലുകൾ എന്ന് അലോഷ്യസ് സേവ്യർ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട കെ സി വേണുഗോപാൽ എം പി ,

ഇന്നലെ ഒരു മാധ്യമ ചർച്ചയിൽ അങ്ങയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാവണം എന്ന് ചർച്ചകൾ നടത്താനുള്ള മാധ്യമങ്ങളുടെ പൂർണ്ണ സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും, കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു വ്യവസ്ഥാപിതമായ രീതി പാർട്ടിയിൽ ഉണ്ടെന്നിരിക്കെ, അതെല്ലാം മറച്ചു പിടിച്ചുകൊണ്ട് മുൻ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായ അങ്ങയെ ഇരുട്ടിൽ നിർത്തികൊണ്ട് സത്യത്തിന്റെ കണിക പോലും ഇല്ലാത്ത പൊള്ളയായ മാധ്യമ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ആണ് അങ്ങേയ്ക്ക് ഈ തുറന്ന കത്ത് എഴുതുന്നത്. സത്യത്തെയും നീതിയെയും മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്ത് വ്യാജപ്രചരണങ്ങൾ കൊണ്ട് ഒരാളെ ഉയർത്തുകയും തകർക്കുകയും ചെയ്യുന്ന സാമൂഹ്യ മാധ്യമങ്ങൾ അരങ്ങ് വാഴുന്ന ഈ നെറികെട്ട കാലത്ത്, അങ്ങക്കെതിരെ ഉയർന്നു വരുന്ന വ്യക്തിഹത്യക്കെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തുകയാണ്.

മാധ്യമങ്ങളുടെയോ സോഷ്യൽ മീഡിയ ലൈക്കുകളുടെയോ വാഴ്ത്തു പാട്ടുകളുടെയോ പിന്തുണയോടെ അല്ലായിരുന്നു അങ്ങയുടെ യാത്ര എന്നത് ഞങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. നടന്നു നീങ്ങിയ കനൽ വഴികളിൽ പതറാതെ തളരാതെ മുന്നോട്ടു പോയി പ്രതിസന്ധിയുടെ കാലഘട്ടത്ത് ദേശീയ തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഊർജ്ജം പകർന്ന് ഭരത് ജോഡോ യാത്രയും, ന്യായ് യാത്രയും, ഇന്ത്യ മുന്നണിയുടെ രൂപീകരണവും, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തെ വിഴുങ്ങുമായിരുന്ന ബി ജെ പി യെ കടിഞ്ഞാൺ ഇടാൻ രാഹുൽ ഗാന്ധിക്കും ഖാർഗെജിയും കരുത്ത് പകർന്നത് അങ്ങായിരുന്നുവെന്ന സത്യം ഓരോ കോൺഗ്രസ് പ്രവർത്തകർക്കും ബോധ്യമുള്ളതാണ്. അങ്ങയുടെ ആത്മവിശ്വാസവും ധൈര്യവുമാണ് ഇന്നും ഞങ്ങൾക്ക് മുന്നോട്ട് പോവാനുള്ള ഇന്ധനം.

പയ്യന്നൂരിലേ ആ പഴയ കെഎസ്‍യു നേതാവിന്റെ പോരാട്ട വീര്യം ഇന്നും നിങ്ങളിലുണ്ട്...! നന്ദാവനം പോലീസ് ക്യാമ്പിൽ അങ്ങ് നേരിട്ട മർദ്ദനത്തേക്കാൾ വലുതൊന്നുമല്ല സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നടത്തുന്ന വേട്ടയാടലുകൾ. മാധ്യമ മുറികളിലെ ശീതീകരിച്ച വാഴ്ത്തുപാട്ടുകൾ ആയിരുന്നില്ല താങ്കളുടെ ഊർജ്ജം.

കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന, ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന, കേന്ദ്ര മന്ത്രിയായിരുന്ന, കേരളത്തിലെ നിരന്തര സാന്നിധ്യമായിരിക്കുമ്പോഴും കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് ഒരു വിളിപ്പാട് അകലെ പ്രാപ്യമായിരുന്ന അങ്ങയുടെ ഇടപെടലുകൾ നിരന്തരം കണ്ടുകൊണ്ടിരുന്ന ഒരുരാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ എന്നെ താങ്കൾ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്.

ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ അങ്ങു നടത്തിയ നിസ്വാർത്ഥമായ സേവനങ്ങളെയും പോരാട്ടങ്ങളെയും മറയ്ക്കാൻ ചിലർ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്കുള്ള വെല്ലുവിളിയാണ് എന്ന് ഞാൻ മനസിലാക്കുന്നു!

അതിനെതിരെ ചെറുത്തുനിൽപ്പ് നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്! ഇത്തരത്തിലുള്ള അപകീര്‍ത്തിപരമായ ആക്രമണങ്ങൾക്കു മുന്നിൽ കേരളത്തിന്റെ യുവ ഹൃദയങ്ങൾക്ക്‌ മിണ്ടാതിരിക്കാനാവില്ല! കെസി നിങ്ങൾക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു! നിസ്വാർത്ഥമായ അങ്ങയുടെ പോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാവും.

പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരാൻ, സത്യത്തിനും നീതിക്കും വേണ്ടി നിങ്ങൾ നയിക്കുന്ന യുദ്ധങ്ങളിൽ പടയാളികളായി മാധ്യമ വിചാരണകളെയും സാമൂഹ്യ മാധ്യമ വെല്ലുവിളികളെയും ചെറുത്ത് തോൽപ്പിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും അങ്ങേയ്ക്ക് ഒപ്പമുണ്ടാവും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുധാകരന്‍റെ കമന്‍റ് ബോക്സിൽ 'മുഖ്യമന്ത്രി കസേര' പോര്, കെസിയെ വാഴ്ത്തിയ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി
​വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിച്ചാൽ വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: വി ശിവൻകുട്ടി