ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ യുഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്തു. സർക്കാരിന്റെ ഈ നടപടിയെ പ്രശംസിച്ച എഡി തോമസ് എംഎൽഎ, ഇത് പൊതുജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കലാണെന്നും ഇത്തരം ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണെന്നും വ്യക്തമാക്കി.

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങൾക്ക് യുഡിഎഫ് സർക്കാർ നൽകിയ വാക്ക് പാലിച്ച ദിനമാണിതെന്നും, എന്തിനാണ് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടുത്തിയ ദിവസമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. "വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല" എന്ന് ഓർമ്മിപ്പിച്ച എ.ഡി. തോമസ്, വെട്ടേറ്റത് കേരളത്തിന്റെ പൊതു മനസാക്ഷിക്കാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരും കരുതേണ്ടതില്ലെന്നും, അതിനെ രക്ഷാപ്രവർത്തനമെന്ന് ഇനി ആരും വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള പി ശശിമാർക്കും എംആർ അജിത് കുമാർമാർക്കുമുള്ള മുന്നറിയിപ്പാണ് ഈ സർക്കാർ നൽകുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാലും നടപടിയുണ്ടാകില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. ഈ പോരാട്ടം എസ്എഫ്ഐക്കാർക്കും യൂത്ത് കോൺഗ്രസുകാർക്കും യുവമോർച്ചക്കാർക്കും സ്വന്തം അഭിപ്രായം പറയുന്ന എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു. ഇനിയും അജിത് കുമാറിനെതിരെ കൂടുതൽ നടപടികൾ വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് അട്ടിമറി നടന്നത്. കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എഡിജിപിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. തുടർന്ന് ആഭ്യന്തര മന്ത്രി സസ്പെൻഷൻ ശുപാർശ ചെയ്യുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയുമായിരുന്നു. ഈ മാസം 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ നിർണായക നടപടിയുണ്ടായത്.