മന്ത്രി കെടി ജലീലിനെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു

By Web TeamFirst Published Nov 21, 2019, 9:42 AM IST
Highlights
  • മന്ത്രി നിയമസഭയിലേക്ക് വരുന്ന വഴിയാണ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്
  • ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മന്ത്രി നിയമസഭയിലേക്ക് വരുന്ന വഴിയാണ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.

നിയമസഭയിലേക്കു വരുന്ന വഴി പി.എം.ജിയിൽ വച്ചാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്താലിയും രണ്ട് പ്രവർത്തകരും കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ ചെയ്തു.

കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഇന്നും നിയസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇന്ന് സഭാ നടപടികൾ ആരംഭിച്ച ഉടൻ പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചു. 

മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയർത്താമെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നിട്ടും പ്രതിപക്ഷം സഹകരിക്കാൻ തയ്യാറായില്ല. സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിൽ ഇന്നലെ വ്യവസായ മന്ത്രി ഇപി ജയരാജനാണ് പ്രതിപക്ഷത്തിന് മറുപടി നൽകിയത്. 

പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. എംഎല്‍എയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.

click me!