സഭ തർക്കം രമ്യമായ പരിഹാരം കാണണം; ഓർത്തഡോക്സ് സഭ അധ്യക്ഷന് മുതിർന്ന വൈദികരുടെ കത്ത്

By Web TeamFirst Published Nov 21, 2019, 9:16 AM IST
Highlights

ശവ സംസ്കാരം സംബന്ധിച്ച തർക്കങ്ങൾ ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണ്. നമ്മ‌ൾ വേട്ടക്കാരും അവർ ഇരകളും എന്ന രീതിയിൽ പെരുമാറുന്നു എന്ന് കത്തില്‍ പറയുന്നു.

കൊച്ചി: യാക്കോബായ സഭയുമായുള്ള പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ അധ്യക്ഷന് സഭയിലെ മുതിർന്ന വൈദികരുടെ കത്ത്. ശവ സംസ്കാരം സംബന്ധിച്ച തർക്കങ്ങൾ ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണെന്നും ഇത് പരിഹരിക്കാൻ പ്രാദേശികമായ നീക്കുപോക്കുകൾ വേണമെന്നുമാണ് കത്തിലെ അവശ്യം.

ഓർത്തഡോക്സ് സഭയിൽ നിലവിലെ മെത്രാപ്പോലീത്തമാരുടെ സെമിനാരി അധ്യാപകനായ ഫാ. ടി ജെ ജോഷ്വ അടക്കമുള്ള പതിമൂന്ന് വൈദികർ ഒപ്പിട്ട കത്താണ് ഓർത്തഡോകസ് സഭ അധ്യക്ഷൻ ബസേലിയോസ് മാർതോമ പൗലോസ് ദ്വീതിയൻ കാത്തോലിക്ക ബാവക്ക് അയച്ചത്. സഭക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ ഇരുവിഭാഗവും തമ്മിലുള്ള തർക്കങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സമീപകാല സംഭവങ്ങൾ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. പൊതുസമൂഹത്തിൽ സഭ അവഹേളിക്കപ്പെട്ടു. രാഷ്ട്രീയമായി അവഗണിക്കപ്പെടുകയും ചെയ്തുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.  

ഓർത്തഡോക്സുകാർ വേട്ടക്കാരും യാക്കോബായ വിശ്വാസികൾ ഇരകളും എന്ന രീതിയിൽ പെരുമാറുന്നു. യാക്കോബായ സഭാംഗങ്ങളുടെ ശവ സംസ്ക്കാരം സംബന്ധിച്ച് ഭാവിയിലും തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ധാരണ ഉണ്ടാക്കണമെന്നും വൈദികർ ആവശ്യപ്പെടുന്നുണ്ട്. യാക്കോബായ സമൂഹത്തെ മുറിപ്പെടുത്താതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയും ഉള്ള നടപടികൾ ഉണ്ടാകണം. രണ്ടുമാസം മുമ്പ് പാത്രിയർക്കീസ് ബാവ അയച്ച കത്തിന് മറുപടി അയക്കണം. ഇത് വിശ്വാസികളുടെ ഹൃദയങ്ങളെ തണുപ്പിക്കുന്നതിനും പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്നും കത്തിലുണ്ട്. അഭിഭാഷകരെ മാത്രം ആശ്രയിച്ച് തീരുമാനമെടുക്കാതെ സഭ സുന്നഹദോസ്, വിവിധ സഭ സമിതികൾ എന്നിവ വിളിച്ചു ചേർത്ത് ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കണമെന്നും അവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

click me!