
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ.അനിൽകുമാറിന്‍റെ തട്ടം പരാമര്‍ശം തള്ളിയ എംവിഗോവിന്ദന്‍റെ നടപടിയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. അനില്‍കുമാറിനെ പാർട്ടി എംഎൽഎയായ കെടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിൻ്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിൻ്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിൻ്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്. സിപിഎം അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിൻ്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദൻ്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു.പ്രിയ ഗോവിന്ദൻജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലതെന്നും അദ്ദേഹം പരിഹസിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam