'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' : ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗിനെതിരെ കെടി ജലീല്‍

Published : Feb 03, 2021, 02:10 PM IST
'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' : ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗിനെതിരെ കെടി ജലീല്‍

Synopsis

സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും  ഉൽസവങ്ങൾ മാത്രമാണെന്ന് ജലീല്‍ കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രി കെടി ജലീല്‍ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും  ഉൽസവങ്ങൾ മാത്രമാണെന്ന് ജലീല്‍ കുറ്റപ്പെടുത്തുന്നു. വേലയും കൂലിയുമില്ലാത്ത മൂത്തൻമാരും യൂത്തൻമാരും കൂറ്റൻ ബംഗ്ലാവുകൾ പണിയുമ്പോഴും വിലയേറിയ കാറുകളിൽ മലർന്നുകിടന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും വൻ ബിസിനസ്സുകളുടെ അമരത്തിരുന്ന് ലക്ഷങ്ങൾ "ഗുഡ് വിൽ" പറ്റി വിലസുമ്പോഴും ഇവയെല്ലാം സ്വന്തമാക്കാനുള്ള "വക" എവിടെ നിന്നാണ് അത്തരക്കാർക്കൊക്കെ കിട്ടിയതെന്ന് ഇനിയെങ്കിലും സാധാരണ ലീഗുകാർ ചോദിക്കാൻ തുടങ്ങണമെന്ന് ജലീല്‍ പറയുന്നു.

അതേ സമയം, കത്വ-ഉന്നാവോ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. യൂസഫ് പടനിലത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു രൂപയുടെ പോലും തട്ടിപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ യുഡിഎഫിനെതിരെ മത്സരിച്ച ആളാണ് യൂസഫ് പടനിലം. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി

ജലീലിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഒരിക്കൽകൂടി നമ്മുടെ കൺമുന്നിൽ  പുലരുകയാണ്.
പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ഇളമുറക്കാരനായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ സാക്ഷ്യം മാത്രംമതി ഒരു ജൻമം വൃഥാവിലാവാൻ. കത്വവയിലെ ആസിഫയുടെ  ആർത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ? മണിമാളികയും വിലപിടിച്ച കാറുമൊക്കെ ആർക്കുമാവാം. സ്വയം  അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവണം എന്നേയുള്ളൂ. 
പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗിൽ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ്.  മുസ്ലിംലീഗിലെ സംശുദ്ധർ ഇന്നും ആവേശത്തോടെ അനുസ്മരിക്കുന്ന ഒരു സംഭവമാണ് മനസ്സിന്‍റെ അഭ്രപാളികളിൽ തെളിയുന്നത്.

ഒരിക്കൽ മുസ്ലിംലീഗിൻ്റെ വാർഷിക കൗൺസിൽ ചേരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുൻ സ്പീക്കറും മഹാസാത്വികനുമായിരുന്ന കെ.എം സീതി സാഹിബ് അസ്വസ്ഥനായി കാണപ്പെട്ടുവത്രെ. കാരണം തിരക്കിയവരെ ശ്രദ്ധിക്കാതെ അദ്ദേഹം ആലോചനാ നിമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. വിവരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്‍റെ ചെവിയിലുമെത്തി. അദ്ദേഹം സീതി സാഹിബിനെ കാണാൻ ചെന്നു. കേട്ടത് സത്യമെന്ന് ബോദ്ധ്യമായ ഇസ്മായിൽ സാഹിബ് വിഷമത്തിന്‍റെ കാരണം തിരക്കി. 

ഇതുകേട്ട സീതിസാഹിബ് നിറഞ്ഞ കണ്ണുകളോടെ ഖാഇദെമില്ലത്തിൻറെ നേർക്കുതിരിഞ്ഞ് പറഞ്ഞു: "വാർഷിക കൗൺസിലിൽ വരവുചെലവുകൾ അവതരിപ്പിക്കാൻ കണക്കുകൾ ശരിയാക്കവെയാണ് ഒരു രൂപയുടെ വ്യത്യാസം എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഏതിനത്തിലാണ് ആ ഒരു രൂപ ചെലവാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല. കൗൺസിലിനു മുന്നിൽ ഞനെന്തു സമാധാനം പറയും? അതോർത്ത് എന്‍റെ മനസ്സ് നീറുകയാണ്". ഇതുകേട്ട ഇസ്മായിൽ സാഹിബ് സത്യസന്ധതയുടെ സ്വരൂപമായ തന്‍റെ സഹപ്രവർത്തകനെ കെട്ടിപ്പിടിച്ച് തേങ്ങിയത് ലീഗിന്‍റെ പുത്തൻ കോർപ്പറേറ്റ് നേതത്വത്തിനും യൂത്ത് ലീഗിന്‍റെ മനശുദ്ധിയില്ലാത്ത യുവ സിങ്കങ്ങൾക്കും കെട്ടുകഥകളായി തോന്നാം. പക്ഷെ, അതാണ് ലീഗിന്‍റെ യഥാർത്ഥ ചരിത്രം. 

സുനാമിയും ഗുജറാത്തും കത്വവയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്മാർക്ക് പണപ്പിരിവിനുള്ള വെറും  ഉൽസവങ്ങൾ മാത്രമാണ്. ഇല്ലാത്ത ഇഞ്ചി കൃഷിയുടെയും പറമ്പ് കച്ചവടത്തിന്‍റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാൻ ഒരു നേതാവിനെയും ആത്മാർത്ഥതയുള്ള ലീഗു പ്രവർത്തകർ അനുവദിക്കരുത്. വേലയും കൂലിയുമില്ലാത്ത മൂത്തൻമാരും യൂത്തൻമാരും കൂറ്റൻ ബംഗ്ലാവുകൾ പണിയുമ്പോഴും വിലയേറിയ കാറുകളിൽ മലർന്നുകിടന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും വൻ ബിസിനസ്സുകളുടെ അമരത്തിരുന്ന് ലക്ഷങ്ങൾ "ഗുഡ് വിൽ" പറ്റി വിലസുമ്പോഴും ഇവയെല്ലാം സ്വന്തമാക്കാനുള്ള "വക" എവിടെ നിന്നാണ് അത്തരക്കാർക്കൊക്കെ കിട്ടിയതെന്ന് ഇനിയെങ്കിലും സാധാരണ ലീഗുകാർ ചോദിക്കാൻ തുടങ്ങണം. അതിഥികൾ വന്നാൽ ഒന്നിരിക്കാൻ നൽകാൻ പോലും കസേരയില്ലാത്ത മദിരാശിയിലെ സൂഫിവര്യനായ തുർക്കിത്തൊപ്പി ധരിച്ച നരച്ച താടിയുള്ള കോട്ടിട്ട നേതാവിന്‍റെ ജീവിതം ഇനി മേലിൽ അത്തരം കപടൻമാരോട് പറയരുതെന്ന് കൽപിക്കാൻ ആത്മാർത്ഥതയുള്ള ലീഗുകാർക്ക് കഴിയണം.

എന്നെ രാജിവെപ്പിക്കാൻ നടത്തിയ കാസർഗോഡ്- തിരുവനന്തപുരം "കാൽനട വാഹന വിനോദ യാത്ര" ക്കുള്ള ചിലവു പോലും കണ്ടെത്തിയത് പാവം ആസിഫയെന്ന പിഞ്ചോമനയുടെ കണ്ണീർ കണങ്ങളിൽ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണ്! പിരിക്കലും മുക്കലും മുഖമുദ്രയാക്കുന്നതല്ല, അത്തരം ഗുരുതരമായ അരുതായ്മകൾ ചൂണ്ടിക്കാണിക്കുന്നതാണ് പുതിയ കാലത്തെ ലീഗിൽ തെറ്റെന്ന് യൂത്ത്ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ പാണക്കാട് മുഈനലി തങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ്. അതിൻ്റെ ഒരിരയായിരുന്നല്ലോ ഈയുള്ളനും.
യൂത്ത്ലീഗിന്‍റെ  സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന കാലത്തും അതിനുശേഷം ഈ നിമിഷം വരെയും മഹാമനീഷികളായ ഇസ്മായിൽ സാഹിബും സീതി സാഹിബും പരസ്പരം പങ്കുവെച്ച "ഒരു രൂപയുടെ" ആ തേങ്ങൽ കരിക്കട്ടയാകാതെ സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ലോകത്തിലെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈതൊട്ട് നിസ്സംശയം എനിക്ക് പറയാനാകും. 

ഇരുപത് കൊല്ലത്തെ എന്‍റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ഇ.ഡി, പത്തു പൈസയുടെ പിശക് കണ്ടെത്താനാകാതെ അന്തംവിട്ട് നിന്നത്, ആ കനൽ ഇന്നും അകക്കാമ്പിൽ എവിടെയൊക്കെയോ എരിയുന്നത് കൊണ്ടാണ്. എല്ലാ അപവാദ പ്രചാരകർക്കും കാലം കരുതിവെച്ച കാവ്യനീതി പുലരുന്നത് കാണാൻ ഇമ്മിണി വലിയ ചേലുണ്ട്! വെളിച്ചത്തിന് എന്തൊരു വെളിച്ചം!!! അല്ലേ!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്