ബന്ധുനിയമന കേസ്; കെ ടി ജലീൽ സുപ്രീംകോടതിയിൽ

By Web TeamFirst Published Aug 3, 2021, 10:20 AM IST
Highlights

തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 

ദില്ലി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നെങ്കിൽ പുതിയ സര്‍ക്കാരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയ കേസാണ് കെ.ടി.ജലീലിനെ സംബന്ധിച്ച് ബന്ധുനിയമനം.  തന്‍റെ ഭാഗം കേൾക്കാതെയും, തെളിവുകൾ നൽകാൻ അനുവദിക്കാതെയും ഏകപക്ഷീയമായാണ്  ലോകായുക്ത തീരുമാനം എടുത്തത്.  ഇത് നീതി നിഷേധമാണെന്നും സുപ്രീംകോടതിയിലെ ഹര്‍ജിയിൽ ജയീൽ വാദിക്കുന്നു.

മാനദണ്ഡങ്ങൾ ലംഘിച്ച് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ.ടി.അദീബിനെ ജനറൽ മാനേജരായി നിയമിച്ചതായിരുന്നു വലിയ വിവാദം. ജലീൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത, ജലീലിന് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന വിമര്‍ശനവും ഉയര്‍ത്തി. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നതെന്നും ലോകായുക്ത പറഞ്ഞതോടെ ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ലോകായുക്ത ഉത്തരവിനെതിരെ നൽകിയ ഹര്‍ജി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കേരള ഹൈക്കോടതി തള്ളി. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിലെ നിയമത്തിൽ അനധികൃതമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചത് മാത്രമാണെന്നും സുപ്രീംകോടതിയിലെ ഹര്‍ജിയിൽ ജലീൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!