
സിഡ്നി: മതേതരത്വത്തിൻ്റേയും ബഹുസ്വരതയുടെയും നിലപാടുകൾ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ഏവരും യത്നിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ ടി ജലീൽ. സിഡ്നിയിൽ നടന്ന നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനരംഗത്ത് പിറകോട്ട് നിൽക്കുന്ന സർക്കാർ സ്കൂളുകളുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്താലത് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു .
കുടുബത്തിലെ നൈർമ്മല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തിൽ പകർന്നു നൽകുമ്പോൾ ഉന്നത മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്നും അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തിൽ ഏവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ ചൂണ്ടിക്കാട്ടി. സജീവ് കുമാർ പ്രസിഡണ്ടും രാഹുൽ ജി സെക്രട്ടറിയുമായ സെൻട്രൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
പൊതു സമ്മേളനത്തെ തുടർന്ന് സന്തോഷ് കീഴാറ്റൂരിന്റെ 'പെൺ നടൻ" നാടകവും നവോദയ അഭിനയ പന്തൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ “ഓൻ അങ്ങനെ പറഞ്ഞോ ?" നാടകവും നവോദയ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗാനമേളയും സഹൃദയർക്ക് നവ്യാനുഭവമായി. നവോദയ ദേശീയതലത്തിൽ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം പാർലമെൻ്റ് അംഗം ടീന അയ്യാടും, പ്രൊഫ കെ ടി ജലീലും നിർവഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam