
കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തതിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ചോദ്യം ചെയ്യൽ രണ്ടരമണിക്കൂറോളം നീണ്ടുവെന്നാണ് പുറത്തു വരുന്ന വിവരം. തീർത്തും സൗഹാർദപരമായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് കെ.ടി.ജലീൽ ചോദ്യം ചെയ്യല്ലിന് ഹാജരാവനായി എൻഫോഴ്സ്മെൻ്റ് ഓഫീസിലെത്തിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യല്ലിന് ശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ജലീൽ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചു.
മന്ത്രിയുടെ സ്വത്ത് വിവരങ്ങളെല്ലാം എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞിട്ടുണ്ട്. തൻ്റെ പത്തൊൻപതര സെൻറ് സ്ഥലവും വീടും ഉണ്ടെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ലോണും തൻ്റെ പേരിലുണ്ട്. ഇതിൽ ഒന്നര ലക്ഷം രൂപ ഇനിയും അടച്ചു തീർക്കാനുണ്ട്.
ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തൻ്റെ പേരിൽ മൂന്നു ലക്ഷം രൂപയും ഉണ്ട്. രണ്ടും ട്രഷറി അക്കൗണ്ടിലാണുള്ളത്. വസ്തുവിൻ്റെ ആധാരവും ട്രഷറി നിക്ഷേപം സംബന്ധിച്ച രേഖകളും എൻഫോഴ്സ്മെൻ്റ് ആവശ്യപ്രകാരം ഹാജരാക്കാമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.
ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെൻ്റ് നോട്ടീസ് തൻ്റെ മലപ്പുറത്തെ വിലാസത്തിലാണ് ലഭിച്ചത്. അതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ചോദ്യം ചെയ്യല്ലിന് എത്തിയത്. യുഎഇ കോൺസുലേറ്റുമായും ഉദ്യോഗസ്ഥരുമായും മികച്ച ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷുമായും നല്ല പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് പരിചയം. വഖഫ് മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. കോൺസൽ ജനറലിനെ ബന്ധപ്പെട്ടിരുന്നത് സ്വപ്ന വഴിയാണ് അതേ സമയം സ്വപ്നയുടെ മറ്റു ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നുവെന്നും മന്ത്രി മൊഴി നൽകി.
യുഎഇ കോൺസുലേറ്റ് നൽകിയത് നിരസിക്കുന്നത് ശരിയല്ല എന്ന് തോന്നിയതു കൊണ്ടാണ് മതഗ്രന്ഥങ്ങൾ താൻ ഏറ്റുവാങ്ങിയത്, മത ഗ്രന്ഥങ്ങൾ എവിടെയും വിതരണം ചെയ്തിട്ടില്ല. കോവിഡായതിനാൽ അതേപടി സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും മന്ത്രി പറഞ്ഞതായാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam