
കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എൻ ഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.ചിരിച്ച് കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറിൽ പുറത്തേക്ക് പോയി. പുറത്ത് പ്രതിഷേധം തുടരുകയാണ്. എട്ട് മണിക്കൂറ്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി പുറത്തിറങ്ങിയത്. അദ്ദേഹം തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നതെന്നാണ് സൂചന. ഇന്ന് മന്ത്രിയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചശേഷമാകും കൂടുതൽ നടപടികളിലേക്ക് എൻഐഎ കടക്കുക.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എൻഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്. എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്പ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളി. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസിൽ എത്തിയത്.
മന്ത്രി പുലർച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ എം യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പുലർച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലർച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിലാണ് മന്ത്രി പുലർച്ചെ അഞ്ചരയോടെ എൻഐഎ ഓഫീസിലെത്തിയത്.
ചോദ്യം ചെയ്യൽ ഓൺലൈനിലാക്കാൻ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എൻഐഎ ഉദ്യോഗസ്ഥർ നൽകിയെന്നാണ് സൂചന. അതേത്തുടർന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. ഇന്നലെ രാത്രി എൻഫോഴ്സ്മെന്‍റ് ഓഫീസിൽ എൻഐഎ സംഘമെത്തി ജലീലിന്‍റെ മൊഴി പരിശോധിച്ചിരുന്നു.
നയതന്ത്ര ബാഗിലൂടെ മതഗ്രന്ധങ്ങൾ കൊണ്ടുവന്നതിന്‍റെ മറവിൽ, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത്. വിതരണത്തിനായി ഖുറാൻ കൈപ്പറ്റിയ മന്ത്രിക്ക് കളളക്കടത്തിനേപ്പറ്റി അറിവുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്ന മന്ത്രിയുടെ വാദം എൻ ഐ എ മുഖവിലക്കെടുത്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam