കോഴിക്കോട്: തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ പോസ്റ്റിട്ടയാളെ യുഎഇയിൽ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി കെ ടി ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന് എൻഫോഴ്സ്മെന്‍റിനോട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. യാസിർ എടപ്പാൾ എന്നയാളെ ജോലി നഷ്ടപ്പെടുത്തി ഡീപോർട്ട് ചെയ്ത് നാട്ടിലെത്തിക്കാൻ കെ ടി ജലീൽ ശ്രമിച്ചെന്നാണ് മൊഴി.
കെ ടി ജലീൽ കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും നേരത്തേ മന്ത്രി തന്നെ സമ്മതിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടും താനുമായി കെ ടി ജലീൽ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്തുവരുന്നത്.
സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ കെ ടി ജലീലിനെതിരായി പോസ്റ്റിട്ട, ലീഗ് പ്രവർത്തകനായ യാസിർ എടപ്പാൾ എന്ന പ്രവാസിക്ക് എതിരെ മന്ത്രി കേസ് കൊടുത്തിരുന്നു. അപകീർത്തിക്കേസാണ് ഫയൽ ചെയ്തത്. എന്നാൽ നാട്ടിൽ ഫയൽ ചെയ്ത കേസ് കൊണ്ട് ഒന്നുമാകില്ലെന്നും, താൻ വിദേശത്താണുള്ളതെന്നും യുഎഇയിൽ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്നും, ഇതിന് മറുപടിയായി യാസിർ എടപ്പാൾ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഇതിൽ പ്രകോപിതനായ മന്ത്രി, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട്, അവിടെ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് യാസിർ എടപ്പാളിനെ നാടുകടത്തി, കേരളത്തിലെത്തിച്ച് കേസ് റജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന് ശ്രമിച്ചിരുന്നു. ഇതിനായി താനുമായി മന്ത്രി സംസാരിച്ചിരുന്നുവെന്നാണ് സ്വപ്ന നൽകിയിരിക്കുന്ന മൊഴി.
എന്നാൽ ഇതിൽ ഗുരുതരമായ ചട്ടലംഘനമുണ്ടെന്ന് വിദേശകാര്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിക്ക് കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഇടപെടൽ നടത്താനാകില്ല. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഒരു ആവശ്യം മന്ത്രിക്ക് ഉന്നയിക്കണമെങ്കിൽ അത് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച്, അത് വഴിയായിരിക്കണം ആശയവിനിമയം നടത്തേണ്ടത്. അതും ഗുരുതരമായ കേസുകളാണെങ്കിലേ അത്തരം ആശയവിനിമയം നടത്തുക പതിവുള്ളൂ. അപകീർത്തിക്കേസുകൾ പോലെയുള്ള, താരതമ്യേന ചെറിയ കേസുകളിൽ ഇത്തരം ഇടപെടലുകൾ സംസ്ഥാനസർക്കാരിന്‍റെ ഒരു പ്രതിനിധി നടത്താറില്ല. അതും നേരിട്ട് കോൺസുലേറ്റിനെ ബന്ധപ്പെട്ടത് ചട്ടലംഘനം തന്നെയാണെന്നും വിദേശകാര്യവിദഗ്ധർ വ്യക്തമാക്കുന്നു.
നിലവിൽ അന്വേഷണ ഏജൻസികൾക്ക് തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിയായ ഫൈസൽ ഫരീദ് ഉൾപ്പടെയുള്ളവരെ കൃത്യമായി ചോദ്യം ചെയ്യാനോ, നാടുകടത്തി, കേരളത്തിലെത്തിക്കാനോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ട് ഒരാളെ നാടുകടത്താൻ ശ്രമിച്ചെന്ന് സ്വപ്ന മൊഴി നൽകിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
'ജലീൽ ശ്രമിച്ചത് പ്രതികാരം തീർക്കാൻ'
മകനെതിരായ ജലീലിൻ്റെ നീക്കം ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസറിൻ്റെ പിതാവ് എം.കെ.എം അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജലീലിൻ്റെ പരാതിയിൽ പൊലീസ് രണ്ടു തവണ വീട്ടിൽ റെയ്ഡ് നടത്തി. പാസ്പോർട്ടിൻ്റെ കോപ്പി ചോദിച്ചായിരുന്നു പരിശോധന നടത്തിയത്. വീട്ടിൽ ഇല്ലാത്തതിനാൽ കോപ്പി പൊലീസിന് കിട്ടിയില്ല. വിദേശത്ത് നിന്ന് മകനെ കൊണ്ടുവരാനാണ് ഇതെന്ന് ഇപ്പോൾ ഉറപ്പായി. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും, താനും ജലീലും ഒന്നിച്ച് മുസ്ലീം ലീഗിൽ പ്രവർത്തിച്ചവരാണെന്നും എം കെ എം അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam