'തൃത്താലരാമാ മലർന്ന് കിടന്ന് തുപ്പരുത്' ; ബല്‍റാമിനോട് കെ ടി ജലീല്‍

By Web TeamFirst Published May 5, 2019, 9:33 PM IST
Highlights

 ഇടതുപക്ഷ കൗൺസിലർ ഷംസുദ്ദീന്റെ മകളുടെ വിവാഹത്തിന് തൃത്താല രാമൻ പറന്നെത്തിയത് എന്ത് സുഹൃദ് ബന്ധത്തിന്റെ പേരിലായിരുന്നു- കെ ടി ജലീല്‍ ചോദിച്ചു.

വളാഞ്ചേരി: വളാഞ്ചേരി പീഡനക്കേസില്‍ ഉള്‍പ്പെട്ട നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വി ടി ബല്‍റാമിന്  മറുപടി നല്‍കി കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പോക്സോ കേസിലെ പ്രതിയുടെ കൂടെ കെ ടി ജലീല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ബല്‍റാം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ മന്ത്രി തന്‍റെ അധികാരം ഉപയോഗിച്ചു എന്നായിരുന്നു വിടി ബല്‍റാം ആരോപിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഷംസുദ്ദീന്‍റെ മകളുടെ വിവാഹത്തിന് വിടി ബല്‍റാം എത്തിയിതിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ജലീലിന്‍റെ കുറിപ്പ്. 'ഇടതുപക്ഷ കൗൺസിലർ ഷംസുദ്ദീന്റെ മകളുടെ വിവാഹത്തിന് തൃത്താല രാമൻ പറന്നെത്തിയത് എന്ത് സുഹൃദ് ബന്ധത്തിന്റെ പേരിലായിരുന്നു' എന്നും കെ ടി ജലീല്‍ കുറിപ്പില്‍ ചോദിക്കുന്നു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഒപ്പം നിൽക്കുന്ന ഫോട്ടോ തെളിവെങ്കിൽ ഇതാ ഒരു കൂട്ടം ഫോട്ടോകൾ 
----------------------------------------
വളാഞ്ചേരി എന്റെ ജൻമനാടാണ്. ഇവിടെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. അതിൽ കക്ഷിയോ മതമോ പാർട്ടിയോ ഒന്നും ബാധകമല്ല. ആ വിശാലമായ സൗഹൃദമാണ് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് തുണയായത്. പോക്സോ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ നിന്നെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വ്യക്തിപരമായി എന്നെ താറടിക്കാനുള്ള ശ്രമം ലീഗു സൈബറുകാർ നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ തൃത്താല എം.എൽ.എ യും ഉൾപ്പെട്ടത് സ്വാഭാവികം. മഹാനായ എ.കെ.ജിയെ ബാലപീഢകനെന്നും ജനമനസ്സിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന നായനാരെ സ്ത്രീ വിരുദ്ധനെന്നും വിളിച്ചാക്ഷേപിച്ച "തൃത്താലത്തുർക്കി" ഇങ്ങിനെ തരംതാണില്ലെങ്കിലേ അൽഭുതമുള്ളൂ.

പീഢനത്തിനിരയായ പെൺകുട്ടിയുടെ ജേഷ്ഠ സഹോദരി തന്റെ അനുജത്തിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരു വൈകുന്നേരം വിളിച്ചിരുന്നു. ഉടനെ തന്നെ വിവരം ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥനെ വിളിച്ചു പറയുകയും ചെയ്തു. ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ ആരെയെങ്കിലും സംശയമുണ്ടെന്നോ ആ സഹോദരി എന്നോട് പറഞ്ഞിരുന്നുമില്ല. പിറ്റേ ദിവസം രാവിലെ കുട്ടിയെ രാത്രി തന്നെ അവരുടെ വീട്ടിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നോ മറ്റോ കിട്ടിയെന്ന് പോലിസ് എന്നെ അറിയിക്കുകയും ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധമായി അവർ നൽകിയ പരാതിയും അതിന്റെ അനന്തര നടപടികളും പരിശോധിച്ചാൽ ഏതൊരാൾക്കും നിജസ്ഥിതി ബോദ്ധ്യമാകും. ഒരാൾക്കും വഴിവിട്ട് ഒരു സഹായവും ഞാൻ ഇന്നുവരെ ചെയ്ത് കൊടുത്തിട്ടില്ലെന്ന് പടച്ച തമ്പുരാനെ സാക്ഷിയാക്കി പറയാനാകും. ഷംസുദ്ദീൻ, ഞാനുമായുള്ള അടുപ്പം പാർവ്വതീകരിച്ച് അവരോട് പറഞ്ഞ് കൊടുത്തിട്ടോ, അതല്ലെങ്കിൽ പ്രാദേശിക ലീഗ് നേതൃത്വത്താലോ പൂക്കാട്ടിരിയിലെ ജമാഅത്തെ ഇസ്ലാമിയുടെ ഉത്തരവാദപ്പെട്ടവരാലോ സ്വാധീനിക്കപ്പെട്ടിട്ടോ ആകാം പീഢിപ്പിക്കപ്പെട്ട കുട്ടിയുടെ ജേഷ്ഠത്തി ഞാൻ അവരെ ഗൗനിച്ചില്ലെന്ന മട്ടിൽ പറഞ്ഞത്. ഇത്ര ഗൗരവമുള്ള കാര്യമായിരുന്നെങ്കിൽ ഒരിക്കലെങ്കിലും നേരിൽ വന്ന് യഥാർത്ഥ വസ്തുതകൾ എന്നോട് അവർക്ക് പറയാമായിരുന്നു. ഒരിക്കലും അവരത് ചെയ്തില്ല. ഞാൻ മന്ത്രിയോ എന്റെ ചങ്ങാതിമാരുടെ കൂട്ടുകാരനോ മാത്രമല്ല രണ്ട് പെൺകുട്ടികളുടെ പിതാവ് കൂടിയാണ്. ഇത്തരമൊരു തെമ്മാടിത്തത്തിന് ഒരിക്കലും ഞാൻ കൂട്ടുനിൽക്കില്ലെന്ന് എന്നെ അറിയുന്ന എല്ലാവർക്കും ബോദ്ധ്യമാകുമെന്ന് എനിക്കുറപ്പുണ്ട്. മറിച്ചൊരനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കത് തുറന്നു പറയാം. എടപ്പാളിലെ തിയ്യേറ്ററിൽ ഒരു തൃത്താലക്കാരൻ പോക്സോ കേസിൽ പിടിക്കപ്പെട്ടപ്പോഴും ലീഗും കോൺഗ്രസ്സും എന്റെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന പേരിൽ എന്നെ അതിലേക്ക് വലിച്ചിഴക്കാൻ നോക്കിയത് ജനങ്ങൾ മറന്നിട്ടുണ്ടാവില്ല. ബന്ധു നിയമന വിവാദമെന്ന കള്ളക്കഥ മെനഞ്ഞ് പോരിനിറങ്ങിയവർക്ക് അവസാനം വാലും ചുരുട്ടി പോകേണ്ടി വന്നതും ഇത്തരുണത്തിൽ ഓർക്കുക. ഒന്നിലും ക്ലച്ച് പിടിക്കാതെ വന്നപ്പോൾ ഇതിലൊന്ന് കയറിപ്പിടിച്ച് കാര്യം സാധിക്കാനാകുമോ എന്നാകും എന്റെ രാഷ്ട്രീയ എതിരാളികൾ നോക്കുന്നത്. കുമ്പളങ്ങ കട്ടവന്റെ കൈയ്യിലല്ലേ പൊടിയുണ്ടാവുകയുള്ളൂ. കുറ്റം ചെയ്യാത്തവനെന്ത് ഭയപ്പാട്. ഷംസുദ്ദീൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ.

ഇടതുപക്ഷ കൗൺസിലർ ഷംസുദ്ദീന്റെ മകളുടെ വിവാഹത്തിന് തൃത്താല രാമൻ പറന്നെത്തിയത് എന്ത് സുഹൃദ് ബന്ധത്തിന്റെ പേരിലായിരുന്നു. ഏകദേശം ഒരു വർഷം മുമ്പാണ് പ്രസ്തുത ചടങ്ങ് നടന്നത്. സ്ഥലം എം.എൽ.എ പോലും രാഷ്ട്രീയ വൈരത്തിന്റെ പേരിൽ മാറിനിന്ന വിവാഹ സൽക്കാരത്തിൽ മറുജില്ലക്കാരനായ യു.ഡി.എഫ് സിങ്കം പഞ്ഞെത്തി സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയത് ഏത് അടുപ്പത്തിന്റെ പേരിലായിരുന്നു. തൃത്താലരാമാ മലർന്ന് കിടന്ന് തുപ്പരുത്.

click me!