
തിരുവനന്തപുരം: ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒരിക്കലും പറയാത്ത ആളാണ് പിണറായി വിജയനെന്നും കെ ടി ജലീല്‍ പറഞ്ഞു.
കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തിൽ പോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ തുടർന്ന് മാധവ വാര്യർ വീട് വച്ചു നൽകിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തർക്കങ്ങൾ ഉണ്ട്. അട്ടപ്പാടിയിൽ വീട് വച്ച് നൽകിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ട്. അതാണ് ഈ കേസുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്. മറ്റൊരു ബന്ധവുമില്ല. തന്‍റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇത് മനസിലാകും.
ഷാർജ സുല്‍ത്താന് ഡി ലിറ്റ് നൽകാൻ തീരുമാനിച്ചത് 2014ലാണ്. അന്ന് കാലിക്കറ്റ് വൈസ് ചാൻസലർ ആയിരുന്ന അബ്ദുൽ സലാം ഇന്ന് ബിജെപി നേതാവാണ്. അദ്ദേഹത്തിന്റെ അസൗകര്യത്തെ തുടർന്നാണ് അത് നൽകാൻ വൈകിയത്. ഷാർജ സുൽത്താൻ കേരളത്തിൽ എത്തിയപ്പോൾ അബ്ദുറബ്ബ് ആണ് മന്ത്രി. ആരോപണമുന്നയിക്കുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്.
പിണറായിയെ കുറിച്ചു നട്ടാൽ കുരുക്കാത്ത നുണകൾ പറയുന്നു. ഇതെല്ലാം അന്വേഷിക്കണം. നേരത്തെ താൻ നൽകിയ പരാതിയിൽ ഇതും ഉൾപ്പെടുത്തി അന്വേഷിക്കണം. ഷാർജ സുല്‍ത്താന് പൊന്നും പണവും നൽകിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. വിദേശനേതാക്കളെ അപമാനിക്കുകയാണ്. കേസ് എടുത്ത് അന്വേഷിക്കണം.
മാധവ് വാര്യരുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കേസ് ഉള്ള വിവരം അറിയിച്ചത്. ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി മാധവ് വാര്യയരെ ബുദ്ധിമുട്ടിക്കാനാകാം ഇപ്പോഴത്തെ ശ്രമം. പുട്ടിന് തേങ്ങാ ഇടുന്നത് പോലെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തുടങ്ങിയാൽ അതിന് അല്ലേ സമയം ഉണ്ടാകൂ. മുൻ സ്പീക്കർക്ക് എതിരായ ആരോപണങ്ങൾ തെറ്റ് തന്നെയാണ്. അതിലും വസ്തുത ഇല്ല.
ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ഷാർജ ഭരണാധികാരിയോട് സഹായം തേടുമോ. എച്ച്ആര്‍ഡിഎസില്‍ ബിജെപി അംഗങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടത്തട്ടെ. ഈ കേസിന്റെ ചെലവിൽ മാധവ് ഫൗണ്ടേഷന്റെ കണക്ക് പരിശോധിപ്പിക്കാനാകും ശ്രമം. എച്ച്ആര്‍ഡിഎസിനെതിരെ കേസ് കൊടുത്തത്തിന് പ്രതികരമാകാം. താൻ കൊടുത്തത് പോലെ ആരെങ്കിലും ആരോപണങ്ങൾക്ക് എതിരെ കേസ് കൊടുത്തോ.
പ്രതിപക്ഷ നേതാവിന് എത്ര തവണ കോൺസുലേറ്റ് ഓഫിസിൽ പോകാൻ പറ്റും. പ്രതിപക്ഷ നേതാവിന് പോകാം മന്ത്രിക്ക് പറ്റില്ല എന്നുണ്ടോ. മാധവ് വാര്യർ തന്റെ നാട്ടുകാരനാണ്. തന്റെ പേരിൽ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കാനാണ് ശ്രമം. ഷാർജ സുൽത്താൻ ക്ലിഫ് ഹൗസില്‍ പോയപ്പോൾ താൻ ഉണ്ടായിരുന്നു. അവിടെ അങ്ങനെ അടച്ചിട്ട മുറിയിൽ സംസാരം ഉണ്ടായിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam