
കൊച്ചി: സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്.
ഈ സത്യവാങ്മൂലം സർവകലാശാല വൈസ് ചാൻസലർ ചടങ്ങിൽവെച്ച് ഔദ്യോഗികമായി ഗവർണർക്ക് കൈമാറി. കൊല്ലത്തെ വിസ്മയക്കേസിന്‍റെ പശ്ചാത്തലത്തിൽ ഇത്തരമൊരു സത്യവാങ്മൂലം നൽകുന്നവർക്കേ സർവകലാശാല ബിരുദം സമ്മാനിക്കൂ എന്ന് ചാൻസലർകൂടിയായ ഗവർണർ പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മറ്റു കാമ്പസുകളും ഇത് മാതൃകയാക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.
വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാനുള്ള കുഫോസ് യൂണിവേഴ്സിറ്റിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് മഹിളാമോർച്ച ദേശീയ പ്രസിഡണ്ട് വനദി ശ്രീനിവാസൻ പറഞ്ഞു. സ്ത്രീധനം ഒരു സാമൂഹ്യ വിപത്ത് ആണ്.. അതിനെതിരെയുള്ള ഏത് നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ് എന്നും അവർ പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona