
തിരുവനന്തപുരം: സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഒളിച്ചുകളിച്ച് ചലച്ചിത്ര അക്കാദമി. സംവിധായികയുടെ പരാതി അക്കാദമിക്ക് കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടർ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ പ്രതികരിച്ചു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
നവംബർ 27ന് മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയിൽ പതിമൂന്ന് ദിവസം കഴിഞ്ഞാണ് കേസ് എടുത്തത്. മുൻ എംഎൽഎയും ഇടത് സഹയാത്രികനുമായ സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് നടപടി വൈകിയെന്ന ആക്ഷേപം നിലനിൽക്കെയാണ് ചലച്ചിത്ര അക്കാദമിയുടേയും ഉരുണ്ടുകളി. ഐഎഫ്എഫ്കെയിൽ ചിത്രങ്ങൾ തെരഞ്ഞെടുക്കാനുളള സമിതിയുടെ അധ്യക്ഷനായിരുന്നു പി. ടി. കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിന് ചലച്ചിത്ര അക്കാദമിയുടെ ക്ഷണപ്രകാരം എത്തിയപ്പോൾ ലൈംഗികാതിക്രമം നടന്നെന്നാണ് പരാതി. ജൂറി അംഗമായിരുന്ന സംവിധായിക പരാതി അക്കാദമിക്ക് നൽകിയിരുന്നെന്നും ഗൗരവത്തോടെയെടുത്തെന്നും വൈസ് ചെയർപേഴ്സൺ വ്യക്തമാക്കി. അതേ സമയം എന്നാണ് പരാതി നൽകിയതെന്നും എന്ത് നടപടിയെടുത്തെന്നും വിശദമാക്കാൻ അക്കാദമി തയ്യാറല്ല.
ഇതിനിടെ കുഞ്ഞുമുഹമ്മദ് സഖാവായതുകൊണ്ടാണോ നേരം വെളുക്കാത്തതെന്ന ചോദ്യവുമായി നടി മാലാ പാർവതി രംഗത്തെത്തി. കേസ് വൈകിയെടുത്ത പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മൊഴിയെടുക്കാൻ കോടതിയിൽ അപേക്ഷ നൽകി. അടുത്തയാഴ്ച പരാതിക്കാരിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് രേഖപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു. രഹസ്യമൊഴിയെടുത്താൽ മാത്രമേ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യുന്നതുൾപ്പെടെ നടപടിയിലേക്ക് പൊലീസ് കടക്കുകയുളളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam