പൊലീസുകാരന്‍റെ ആത്മഹത്യ: കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകിക്കുന്നുവെന്ന് കുടുംബം

By Web TeamFirst Published Aug 1, 2019, 7:29 AM IST
Highlights

കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകിക്കുന്നെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ

തിരുവനന്തപുരം: കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകിക്കുന്നെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് കുമാറിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും. 

ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമേ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എആർ ക്യാംപിലെ മാനസിക പീഡനവും ജാതിവിവേചനവുമാണ് കുമാറിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ഭാര്യ സജിനിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രത്യേക സംഘം ശനിയാഴ്ച അന്വേഷണത്തിന് തുടക്കമിട്ടത്. 

മൂന്ന് ദിവസം കല്ലേക്കാട് എആർ ക്യാംപിൽ മൊഴിയെടുപ്പും പരിശോധനയും നടത്തിയെങ്കിലും കുടുംബം ആരോപിച്ച മേലുദ്യോഗസ്ഥരിലേക്ക് അന്വേഷണ മെത്തിയിരുന്നില്ല. ഇതിനിടെയാണ് ഡെപ്യൂട്ടി കമാൻഡന്റിനെയുൾപ്പെടെ പേരെടുത്ത് പരാമശിക്കുന്ന കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടിയത്. ക്യാംപിലെ ദുരനുഭവങ്ങളും പീഡനവും വിവരിക്കുന്ന കത്ത് കിട്ടിയിട്ടും നടപടി വൈകുന്നതിലാണ് കുടുംബാംഗങ്ങൾക്ക് പ്രതിഷേധം.

അതേസമയം ആത്മഹത്യാക്കുറിപ്പ് ഗൗരവതരമായതിനാൽ കൂടുതൽ പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ തൃശ്ശൂർ റേഞ്ച് ഡിഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാല്‍ തന്നെ റിപ്പോർട്ട് സമർപ്പിക്കൽ ഇനിയും വൈകും. പൊലീസ് അസോസിയേഷനിലുൾപ്പെടെ പിടിപാടുളള ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്തെന്നും ഇവരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും കുമാറിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

click me!