തൃശ്ശൂർ പാലപ്പിള്ളിയിൽ കുങ്കിയാനകളെത്തി; കാട്ടാനക്കൂട്ടത്തെ തുരത്താൻ എത്തിയത് 'വിക്രമും' 'ഭരതും'

Published : Sep 03, 2022, 04:50 PM IST
തൃശ്ശൂർ പാലപ്പിള്ളിയിൽ കുങ്കിയാനകളെത്തി; കാട്ടാനക്കൂട്ടത്തെ തുരത്താൻ എത്തിയത് 'വിക്രമും' 'ഭരതും'

Synopsis

വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെയാണ് പാലപ്പിള്ളിയിലെത്തിച്ചത്. വിശദമായ പ്ലാന്‍ തയാറാക്കിയ ശേഷം നാളെ മുതല്‍ ആനകളെ കാടു കയറ്റാനുള്ള ദൗത്യം കുങ്കിയാനകള്‍ ആരംഭിക്കും

തൃശ്ശൂര്‍: പാലപ്പിള്ളിയിലെ ജനവാസ മേഖലയിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെയാണ് പാലപ്പിള്ളിയിലെത്തിച്ചത്. വിശദമായ പ്ലാന്‍ തയാറാക്കിയ ശേഷം നാളെ മുതല്‍ ആനകളെ കാടു കയറ്റാനുള്ള ദൗത്യം കുങ്കിയാനകള്‍ ആരംഭിക്കും.

പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. നാട്ടുകാരുടെയും വനംവകുപ്പ് ജീവനക്കാരുടെയും യോഗം ചേര്‍ന്ന് വിശദമായ പ്ലാന്‍ തയാറാക്കും.

കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുള്ള മേഖലകളില്‍ കുങ്കിയാനകളെ നിയോഗിക്കാനാണ് നീക്കം. നാളെ മുതലാകും കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാന കൂട്ടത്തെ തുരത്തുന്നതിനുള്ള ശ്രമമാരംഭിക്കുക. ഒരുമാസത്തോളം കുങ്കിയാനകൾ പാലപ്പിള്ളിയിലുണ്ടാവും. ജനവാസ മേഖലയില്‍ നിന്ന് കാട്ടാനകളെ തുരത്തി എന്ന് ഉറപ്പു വരുത്തിയ ശേഷമാകും മടക്കം.

കഴിഞ്ഞ ആഴ്ച പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. പുലര്‍ച്ചെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തില്‍ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാന കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തില്‍ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികള്‍.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; വാഹനം അലക്ഷ്യമായി ഓടിച്ചു, എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്
'ആത്മാവിൽ പതിഞ്ഞ നിമിഷം, കണ്ണുകൾ അറിയാതെ നനഞ്ഞു': പ്രധാനമന്ത്രി വന്ദിക്കുന്ന ഫോട്ടോ പങ്കുവച്ച് ആശാ നാഥ്