
തിരുവനന്തപുരം: കേരളമിന്ന് കാമഭ്രാന്താലായമായെന്ന് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം. സെക്സ് റാക്കറ്റ് സിപിഎമ്മിന്‍റെ ഒരു പോഷക സംഘടനയായി മാറുന്നുവെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്ക് മഹാത്മാ ഗാന്ധിയെ പറ്റി സംസാരിക്കാൻ ധാർമ്മികതയില്ലെന്നും സി പി എം വേട്ടക്കാരുടെ പാർട്ടിയാണെന്നും തിരുവനന്തപുരത്തെ ഉപവാസത്തിനിടെ കുമ്മനം പറഞ്ഞു. വാളയാര്‍ കേസില്‍ തെളിവെടുപ്പിനെത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പോലും സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒരുക്കിയില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറിൽ നിന്നും മാതാപിതാക്കളെ തിരുവനന്തപുരത്ത് വിളിപ്പിക്കുകയായിരുന്നെന്നും കുമ്മനം ചൂണ്ടികാട്ടി. കമ്മിഷൻ അംഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തി.
വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി ഇന്നലെയും കുമ്മനം രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് സിപിഎം നേതാക്കൾ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാത്തതെന്ന് ചോദിച്ച കുമ്മനം കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു.