
പാലക്കാട്: അവസരം ചോദിച്ചു തന്റെ മുന്നിലെത്തുന്ന ആൾക്കൊപ്പം വേദി പങ്കിടാൻ ആവില്ലെന്ന് അനിൽ രാധാകൃഷ്ണൻ പറഞ്ഞതായി പാലക്കാട് ഗവൺമെന്‍റ് മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ്. സംഭവശേഷം വിദ്യാർത്ഥികളെല്ലാം ബിനീഷ് ബാസ്റ്റിനെയാണ് പിന്തുണച്ചതെന്ന് പറഞ്ഞ വൈഷ്ണവ്. പ്രശ്നം വഷളായതിൽ രണ്ട് പേർക്കും പങ്കാളിത്തമുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വൈഷ്ണവിന്‍റെ വിശദീകരണം ഇങ്ങനെ:
മുപ്പതാം തീയ്യതി രാത്രിയാണ് രണ്ട് പരിപാടികളും കൺഫേം ആകുന്നത്, രണ്ട് പരിപാടികളായാണ് തീരുമാനിച്ചിരുന്നത്. കോളേജ് ഡേയും, മാഗസിൻ പ്രകാശനവും മാഗസിൻ പ്രകാശനത്തിന് അനിൽ രാധാകൃഷ്ണമേനോനെയും കോളേജ് ഡേയ്ക്ക് അതിഥിയായി ബിനീഷ് ബാസ്റ്റിനെയുമാണ് തീരുമാനിച്ചിരുന്നത്. ഇരുവരെയും അതിഥികളായി ഉറപ്പിക്കുന്നത് തലേ ദിവസം മാത്രമാണ്, മുപ്പതാം തീയതി രാത്രിയാണ് ബിനീഷ് ബാസ്റ്റ്യൻ വരുമെന്നത് തീരുമാനമായത്. ഇത് ഉടൻ തന്നെ അനിൽ രാധാകൃഷ്ണമേനോനെയും അറിയിച്ചു.അപ്പോഴാണ് അനിൽ രാധാകൃഷ്ണമേനോൻ ബുദ്ധിമുട്ടറിയിച്ചത്.
ബിനീഷ് ഉണ്ടെന്ന് പറഞ്ഞപ്പോൾ വരുവാൻ ബുദ്ധിമുട്ടുണ്ടെന്ന് അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞുവെന്ന് വൈഷ്ണവ് പറയുന്നു. എന്‍റെ അടുത്ത് ചാൻസ് ചോദിച്ച നടന്ന ഒരാളുടെ കൂടെ ഞാൻ എങ്ങനെ വേദിയിലിരിക്കുമെന്ന് അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞുവെന്ന് തന്നെ വൈഷ്ണവ് വ്യക്തമാക്കുന്നു. ഈ പ്രതികരണം ഉടൻ തന്നെ ബിനീഷ് ബാസ്റ്റിനെ അറിയിച്ചിരുന്നുവെന്നും അപ്പോൾ കുഴപ്പമില്ലെന്നും അനിൽ രാധാകൃഷ്ണമേനോൻ പോയ ശേഷം താൻ വരാമെന്നാണ് പറഞ്ഞതെന്നുമാണ് വൈഷ്ണവിന്‍റെ വിശദീകരണം.
ബിനീഷ് അപ്പോൾ എന്ത് പറയുന്നുവെന്നതനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് കരുതിയതെന്നും വൈഷ്ണവ് പറയുന്നു. പ്രശ്നം ഇങ്ങനെയായതിൽ രണ്ട് പേർക്കും പങ്കുണ്ടെന്ന് പറഞ്ഞ വൈഷ്ണവ് വിഷയത്തിൽ താൻ ബിനീഷ് ബാസ്റ്റിനൊപ്പമാണെന്നും വിശദീകരിച്ചു.