
തിരുവനന്തപുരം: ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സർക്കാർ നിലപാട് ബിജെപി പാർലമെന്‍ററി പാർട്ടി സ്വീകരിക്കും. കേന്ദ്രം ബിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളോട് ആദ്യം മാപ്പ് പറയണമെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ട് വരുന്നതാണ് ഉചിതമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എൻകെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാകുമിത്. ശബരിമല ശ്രീധർമ്മക്ഷേത്ര ബിൽ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്.
സാധാരണ സ്വകാര്യ ബില്ലുകൾ സഭയിൽ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രം ഈ സ്വകാര്യ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam