
തിരുവല്ല: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നൽകിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുക്കാതെ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം. ഇന്നലെയാണ് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം കോട്ടയം മെഡിക്കൽ കോളേജിൽ തെളിവെടുപ്പിനായി എത്തിയത്. തന്റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി പരാതിക്കാരിയായ രജനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെറ്റായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോ തെറാപ്പി മാറി നൽകിയ സംഭവത്തിൽ പരാതിക്കാരിയായ കുടശ്ശനാട് സ്വദേശി രജനി ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ വിശ്വനാഥൻ, ഡോ കൃഷ്ണ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ അജയകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടത്.
ഇവർ ഇന്നലെയാണ് തെളിവെടുപ്പിനായി കോട്ടയത്തെത്തിയത്. എന്നാൽ മിനിയാന്ന് വൈകിട്ടാണ് ഇന്നലെ കോട്ടയത്തെത്തണമെന്ന് തനിക്ക് ഫോൺ വഴി അറിയിപ്പ് കിട്ടിയതെന്ന് പരാതിക്കാരിയായ രജനി പറയുന്നു. കീമോയ്ക്ക് ശേഷമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങളും പനിയും കാരണം കോട്ടയത്തെത്താൻ കഴിയില്ലെന്ന് രജനി ഫോൺ ചെയ്തവരെ അറിയിച്ചിരുന്നു. എന്നാൽ തെളിവെടുപ്പുമായി അന്വേഷണസംഘം മുന്നോട്ട് പോവുകയായിരുന്നു.
പിന്നാലെ ഇന്നലെ വൈകുന്നേരം നാല് മണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തെളിവെടുപ്പിനെത്തണമെന്ന് കാണിച്ച് കത്തുമായി ആളെത്തി. കത്ത് കൈപ്പറ്റിയതായി എഴുതി വാങ്ങി അവരും തിരികെ പോയി. പരാതിക്കാരിയായ തന്റെ പക്ഷം കേൾക്കാതെ ചികിത്സാപ്പിഴവ് വരുത്തിയവരെ രക്ഷിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി രജനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ കോട്ടയം മെഡിക്കൽ കോളേജിലെത്തിയ സംഘം സർജറി,ഓങ്കോളജി വിഭാഗങ്ങളിൽ തെളിവെടുപ്പ് നടത്തി.ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. തന്റെ മൊഴി രേഖപ്പെടുത്താതെ ഏകപക്ഷീയമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നത് കാണിച്ച് രജനി വീണ്ടും ആരോഗ്യമന്ത്രിയെ സമീപിച്ചേക്കും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും രജനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam