'മാവോയിസ്റ്റുകള്‍ക്ക് മുസ്ലീം തീവ്രവാദികളുടെ പിന്തുണ '; സമഗ്ര അന്വേഷണം വേണമെന്ന് കുമ്മനം

By Web TeamFirst Published Nov 19, 2019, 1:12 PM IST
Highlights

 തീവ്ര മുസ്ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.

തിരുവന്തപുരം: മാവോയിസ്റ്റുകൾക്ക് തീവ്ര  ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നതായി കുമ്മനം രാജശേഖരന്‍. തീവ്ര മുസ്ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം അന്വേഷണം ആവശ്യമാണെന്നും കുമ്മനം പ്രതികരിച്ചു. താമരശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്‍റ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ ആരോപണം. 

"

മാവോയിസ്റ്റുകൾക്ക് പ്രോല്‍സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. പരസ്പര സഹകരണത്തോടെയാണ് ഇരു കൂട്ടരുടെയും പ്രവര്‍ത്തനം. മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്‍പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും മോഹനന്‍ ആരോപിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്‍റെ വിമര്‍ശനം. ഇനി ഇന്ത്യയില്‍ ഇസ്ളാമിക വിപ്ളവത്തിന്‍റെ കാലമാണെന്ന ഗണപതിയുടെ പ്രസ്താവന ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവെന്നാണ് മോഹനന്‍റെ ആരോപണം. 

കൂടുതല്‍ വായനയ്ക്ക്: മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

നേരത്തെ, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും മഞ്ചക്കണ്ടി വനത്തില്‍ നാലു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെതിരെയും സോളിഡാരിറ്റി അടക്കമുളള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമവും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുളള മറുപടിയും ഒപ്പം അലനും താഹയ്ക്കുമെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി സംബന്ധിച്ച നിലപാടുമാണ് മോഹനന്‍ വ്യക്തമാക്കിയത്. അലനെയും താഹയെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഈ നടപടി പരസ്യമാക്കിയിട്ടില്ല. 

click me!