
കൊല്ലം: മറ്റിടങ്ങളിലെ പോലെ കൊല്ലത്തെയും സി പി എം പരാജയത്തിൽ പഴിയത്രയും പിണറായിക്കും എം വി ഗോവിന്ദനും തന്നെ. ജില്ലാ കമ്മിറ്റിക്ക് പിന്നാലെ ചേർന്ന കുണ്ടറ ഏരിയ കമ്മിറ്റിയിലും കുണ്ടറ യിലെ പരാജയത്തിന്റെ പാപഭാരം ഇരുവർക്കും മേലയാണ് നേതാക്കൾ ചാർത്തിക്കൊടുക്കുന്നത്. ഇരുവരുടെയും ശൈലിയും കാർക്കശ്യവും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്നും വിമർശനമുയർന്നു. പാർട്ടി പ്രവർത്തകർ സഹിക്കുന്ന പോലെ പൊതുജനം ഇവരുടെ ധാർഷ്ട്യം എന്തിന് സഹിക്കണമെന്ന് പോലും ചിലർ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രി ആയ പിണറായി വിജയൻ പാർട്ടി അണികളോടു പോലും കർക്കശ നിലപാട് സ്വീകരിച്ചു.
മാധ്യമങ്ങളെ അകറ്റിനിർത്തിയതും അവരെ പിണക്കിയതും തിരിച്ചടിയായി. തൊഴിലാളിവർഗ പാർട്ടിയായിട്ടു പോലും ആശാ സമരത്തിന് വേണ്ട പരിഗണന സർക്കാർ നൽകിയില്ല. സംസ്‌ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനു പാർട്ടി തീരുമാനങ്ങൾ പോലും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. അയ്യപ്പ സംഗമത്തിനെതിരെയും രൂക്ഷവിമർശനം ഉയർന്നു. ബിജെപി നേതാവ് കുടിയായ യുപി മുഖ്യമന്ത്രിയുടെ ആശംസ അയ്യപ്പ സംഗമത്തിൽ വായിച്ചത് അണികളിലും ജനങ്ങളിലും ആശങ്കയുണ്ടാക്കി.
ന്യൂനപക്ഷ പ്രീണനവും ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് കാരണമായി. കുണ്ടറ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിക്ക് സഭയുടെ പോലും പിന്തുണ ലഭിച്ചില്ല. മുസ്‌ലിം, എൻ.എസ്.എസ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിയിൽ കേന്ദ്രീകരിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്തിയിട്ടും എസ്.എൻ.ഡി.പി യോഗം വോട്ടുകൾ നേടാനും പാർട്ടിക്കു കഴിഞ്ഞില്ല. വിഷ്ണുനാഥ് എംഎൽഎ 5 വർഷം ജനങ്ങളുടെ ഇടയിൽ നിന്നു പ്രവർത്തിച്ചപ്പോൾ പാർട്ടി പ്രവർത്തകരുടെ വീടുകളിലെ വിശേഷങ്ങളിൽ പോലും സാന്നിധ്യമാവാൻ പാർട്ടി നേതാക്കന്മാർക്ക് കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam