കുണ്ടറ പീഡന പരാതി വിവാദം; നുണ പരിശോധന ആവശ്യപ്പെട്ട് എന്‍സിപി നേതാവ്; ദേശീയ വനിതാ കമ്മിഷനെ സമീപിക്കാന്‍ യുവതി

By Web TeamFirst Published Jul 23, 2021, 2:00 PM IST
Highlights

നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെ ഏത് പരിശോധനയ്ക്കും താന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.  രാഷ്ട്രീയ വിരോധത്തിന്‍റെ പേരിലുളള അടിസ്ഥാന രഹിതമായ ആരോപണമെന്ന വാദമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും എന്‍സിപി നേതാവ് പദ്മാകരന്‍ ആവര്‍ത്തിക്കുന്നത്. 

കൊല്ലം:  മന്ത്രി എ.കെ.ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ട പീഡന പരാതിയില്‍ നുണപരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച്  ആരോപണ വിധേയനായ എന്‍സിപി നേതാവ്. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെ ഏത് പരിശോധനയ്ക്കും താന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. 

രാഷ്ട്രീയ വിരോധത്തിന്‍റെ പേരിലുളള അടിസ്ഥാന രഹിതമായ ആരോപണമെന്ന വാദമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും എന്‍സിപി നേതാവ് പദ്മാകരന്‍ ആവര്‍ത്തിക്കുന്നത്. ബ്രയിന്‍ മാപ്പിംഗോ,നാര്‍ക്കോ അനാലിസിസോ,പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും പദ്മാകരന്‍ സമ്മതവും അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയോട് ഒരിക്കല്‍ പോലും താന്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കത്തില്‍ പദ്മാകരന്‍ അവകാശപ്പെടുന്നു. 

അതേസമയം മന്ത്രി ശശീന്ദ്രനെതിരെ ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ നിര്‍ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നല്‍കാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്. അന്വേഷണവുമായി താന്‍ സഹകരിച്ചില്ലെന്ന ആരോപണം നിഷേധിച്ച് പരാതിക്കാരി നിഷേധിച്ചു. തെളിവായി ജൂണ്‍ 30ന് പൊലീസ് സ്റ്റേഷനില്‍ പോയ ദിവസത്തേതെന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.

പരാതിക്കാസ്പദമായ സംഭവം നടന്ന പദ്മാകരന്‍റെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാന്‍ പൊലീസ് തീരുമാനിച്ചിച്ചുണ്ട്. ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും കുണ്ടറ പൊലീസ് അറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!