
ദില്ലി: കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താരം നടത്തിയ ജഡ്ജി തന്നെ വിധി പറയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സാക്ഷി വിസ്താരം നടത്തിയ ജഡ്ജി എ.വി.മൃദുല മഞ്ചേരി കോടതിയിൽ നിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലപ്പെട്ട കൊളക്കാടൻ സഹോദരന്മാരുടെ ഭാര്യമാർ സുപ്രീം കോടതിയെ സമീപിച്ചത്. ജഡ്ജി മൃദുല തന്നെ കേസിൽ വിധി പറയണമെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. എന്നാൽ നിലവിൽ കേസ് കേൾക്കുന്ന ജഡ്ജി, ടി.എച്ച്.രജിത ഒരു മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുമെന്ന് കോടതിയെ അറിയിച്ചതോടെ ഹർജി കോടതി തള്ളി. ഹർജിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീം കോടതിയിൽ എത്തിയതിന് പിന്നാലെ, കേസിലെ വിചാരണ നടപടികൾ നിർത്തി വച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിചാരണം വീണ്ടും തുടങ്ങും.
2012 ജൂൺ 10നാണ് കൊളക്കാടൻ സഹോദരങ്ങളായ അബൂബക്ക (54), അബ്ദുൾ കലാം ആസാദ് (48) എന്നിവർ നടുറോഡിൽ കൊല്ലപ്പെട്ടത്. 2018 സെപ്തംബറിൽ വിചാരണ തുടങ്ങിയെങ്കിലും പിന്നീട് നിർത്തിവച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വിചാരണ വീണ്ടും തുടങ്ങിയത്.