
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് നടത്തിവന്ന ഒപി ബഹിഷ്‍കരണ സമരം തൽക്കാലത്തേക്ക് നിർത്തിവച്ചതായി കെജിഎംഒഎ. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഡിഎച്ച്എസിനോട് റിപ്പോർട്ട് തേടുമെന്നും ബുധനാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വരെ സമരം നിർത്തിവയ്ക്കുകയാണെന്നും കെജിഎംഒഎ വ്യക്തമാക്കി.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സൂപ്രണ്ട് കെ.സി.രമേശനെ സസ്പെൻഡ് ചെയ്തത്. ഇതിനുപിന്നാലെ ഒപി ബഹിഷ‍്കരണ സമരവുമായി കെജിഎംഒഎ രംഗത്തെത്തിയിരുന്നു. സ്പെഷ്യാലിറ്റി ഒപി ബഹിഷ്കരണം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു. നാളെ മുതൽ അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും വഹിക്കുന്ന അധിക ചുമതലകളിൽ നിന്നും വിട്ട് നിൽക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.
ഡിഎച്ച്എസ് നാളെ മാനസികാരോഗ്യകേന്ദ്രം സന്ദർശിക്കും
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നാളെ ഡിഎച്ച്എസ് സന്ദർശനം നടത്തും. മന്ത്രി ആവശ്യപ്പെട്ട പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് വീണ ജോർജ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ മൂന്നുദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും ചുറ്റുമതിലിന്‍റെതുൾപ്പെടെ ഉയരം കൂട്ടണമെന്നും ആശുപത്രിയിൽ പരിശോധന നടത്തിയ പൊലീസ് സംഘം ആവശ്യപ്പെട്ടു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന. കുതിരവട്ടത്ത് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് മെഡി. കോളേജ് എന്നീ അസി.കമ്മീഷണർമാരുടെ നേതൃത്വത്തലുളള സംഘമാണ് ആശുപത്രിയിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് റിമാൻഡ് പ്രതി പുറത്തുകടന്ന ഫോറൻസിക് വാർഡിലുൾപ്പെടെ സംധം തെളിവെടുപ്പ് നടത്തി.
24 സുരക്ഷാ ജീവനക്കാർ വേണ്ടയിടത്ത് നാലുപേരെ മാത്രമാണ് പുതുതായി കുതിരവട്ടത്ത് നിയമിച്ചിട്ടുളളത്. പാചകത്തൊഴിലാളികളുൾപ്പെടെയാണ് സുരക്ഷാജീവനക്കാരുടെ അധിക ചുമതല വഹിക്കുന്നത്.