പരസ്യപ്പോര് തുടര്‍ന്ന് ജോസഫ്-ജോസ് വിഭാഗങ്ങള്‍; കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമോ?

By Web TeamFirst Published Jan 6, 2020, 1:34 PM IST
Highlights

 കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ്. കുട്ടനാട് സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി.

തൊടുപുഴ: കുട്ടനാട് സീറ്റിനായി പിടിമുറുക്കി കേരള കോൺഗ്രസിലെ പി ജെ ജോസഫ്-ജോസ് കെ മാണി  വിഭാഗങ്ങൾ. കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ഈ മാസം 15ന് ചേരുന്ന ചരൽക്കുന്ന് ക്യാമ്പിൽ വച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നായിരുന്നു ജോസ് വിഭാഗത്തിന്‍റെ മറുപടി.

പാലായ്ക്ക് പിന്നാലെ കുട്ടനാട് ഉപതെരഞ്ഞെടുപ്പിലും സീറ്റിനായി ജോസഫ്-ജോസ് വിഭാഗങ്ങൾ പരസ്യപ്പോര് തുടങ്ങിക്കഴിഞ്ഞു. കുട്ടനാട് കേരള കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ്. ഇതിലൊരു തർക്കത്തിന്‍റെ ആവശ്യമില്ല. ഉമ്മൻചാണ്ടി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു.

പുനലൂർ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ് എം വാങ്ങിയ കുട്ടനാട് സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. രണ്ടില ചിഹ്നം സംബന്ധിച്ച പാര്‍ട്ടിക്കുള്ളിലെ തർക്കം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയിലാണ്. 

യുഡിഎഫിനായി ജോസഫ് പക്ഷത്തുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ചത്. ജേക്കബിനെ വീണ്ടും സ്ഥാനാ‍ർത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം. ഇതിന് തടയിടാനാണ് സ്ഥാനാർത്ഥി ചർച്ചകളുമായി ജോസ് പക്ഷം മുന്നോട്ട് പോകുന്നത്. ഇരുവിഭാഗങ്ങളും പോര് മുറുക്കിയതോടെ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയർന്നിട്ടുണ്ട്.

click me!