ബിജെപിയുടെ ജനസമ്പര്‍ക്കപരിപാടി; വെട്ടിലായി രാഷ്ട്രീയ-സാമുദായിക നേതാക്കള്‍

Web Desk   | Asianet News
Published : Jan 06, 2020, 12:41 PM ISTUpdated : Jan 06, 2020, 12:48 PM IST
ബിജെപിയുടെ ജനസമ്പര്‍ക്കപരിപാടി; വെട്ടിലായി രാഷ്ട്രീയ-സാമുദായിക നേതാക്കള്‍

Synopsis

വിവിധ രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക നേതാക്കള്‍.  ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നേതാക്കളെ വീട്ടിലെത്തി കാണുകയാണ് ബിജെപിയുടെ രീതി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ലഘുലേഖ കൈമാറുകയും ചെയ്യും. അങ്ങനെ ബിജെപി നേതാക്കളില്‍ നിന്ന് ലഘുലേഖ വാങ്ങുന്ന ചിത്രം പുറത്തുവന്നതോടെയാണ് പലരും കുടുങ്ങിയത്.

തിരുവനന്തപുരം: പൗരത്വ നിയമത്തെക്കുറിച്ച് ബോധവത്ക്കരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി മൂലം വെട്ടിലായിരിക്കുകയാണ് വിവിധ രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക നേതാക്കള്‍.  ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നേതാക്കളെ വീട്ടിലെത്തി കാണുകയാണ് ബിജെപിയുടെ രീതി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ലഘുലേഖ കൈമാറുകയും ചെയ്യും. അങ്ങനെ ബിജെപി നേതാക്കളില്‍ നിന്ന് ലഘുലേഖ വാങ്ങുന്ന ചിത്രം പുറത്തുവന്നതോടെയാണ് പലരും കുടുങ്ങിയത്. ഇതോടെ ബിജെപിക്കെതിരെ ഇവര്‍ രംഗത്തെത്തുകയും ചെയ്തു.

ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎല്‍എയുമായ കാരാട്ട് റസാഖ്, സമസ്ത എ പി വിഭാഗം നേതാവ് അബ്ദുറഹ്മാൻ ബാഖവി, എസ്‍വൈഎഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍  എന്നിങ്ങനെ നീളുകയാണ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി മൂലം വെട്ടിലായ പ്രമുഖരുടെ നിര. ഇവരെയൊക്കെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന്‍റെ ഫോട്ടോ ബിജെപി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഈ പ്രമുഖരൊക്കെ ബിജെപിയുടെ പരിപാടിയുമായി സഹകരിച്ചെന്ന തരത്തിലുള്ള പ്രചാരണവും പിന്നാലെ വന്നു.

ഇതോടെ വിശദീകരണവുമായി ഇവരില്‍  പലരും രംഗത്തു വന്നു. ബിജെപിയുടെ പരിപാടിയുമായി താന്‍ സഹകരിച്ചെന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കാരാട്ട് റസാഖ് എംഎല്‍എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവരാണ് വീട്ടിലെത്തിയപ്പോള്‍ തന്നെ പൗരത്വ വിഷയത്തില്‍ എതിര്‍പ്പറിയിച്ചതാണ്. അനുമതിയില്ലാതെ തന്‍റെ ചിത്രം പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറയുന്നു.

Read Also: കാരാട്ട് റസാഖ് എംഎൽഎ ബിജെപി നേതാക്കള്‍ക്കൊപ്പം; ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയെന്ന് റസാഖ്

ബിജെപിക്കാര്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവനന്തോടെ എസ്‍വൈഎഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി നേരിടേണ്ടി വന്നത് കടുത്ത നടപടിയാണ്. അദ്ദേഹത്തെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സസ്പെൻഷൻ എന്നാണ് ഔദ്യോ​ഗിക വിശദീകരണമെങ്കിലും യഥാര്‍ത്ഥ കാരണം ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി തന്നെയാണെന്നാണ് സൂചന. 

ജനസമ്പർക്കപരിപാടിയുമായി നാസർ ഫൈസി സഹകരിച്ചെന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ സമസ്ത കേരളയുടെ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാസർ ഫൈസി കൂടത്തായിയെ വിളിച്ചു വരുത്തി ശകാരിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദ കാട്ടുകയാണ് താന്‍ ചെയ്തതെന്നും  പാര്‍ട്ടി  പ്രചാരണത്തിന് ഫോട്ടോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണ് എന്നുമാണ് ഫൈസി കൂടത്തായി പറയുന്നത്. 

കേരളം പൊതുവിലും മുസ്ലീം സമുദായം അതിശക്തമായും പൗരത്വ നിയമഭേദ​ഗതിക്കെതിരെ പ്രതിഷേധപരിപാടികളുമായി മുമ്പോട്ട് നീങ്ങുന്നതിനിടെ സമസ്തയുടെ പ്രധാന നേതാവ് തന്നെ നിയമഭേദ​ഗതിയെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ബിജെപിയുടെ പരിപാടിയിൽ എത്തിയത് സമസ്തയുടെ പ്രവർത്തകരെ ഞെട്ടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം നാസർ ഫൈസി ജനസമ്പർക്ക പരിപാടിക്കെത്തിയ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പ്രചരിച്ചതോടെ സംഘടന നേതൃത്വം തന്നെ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. കോഴിക്കോട് ഖാസിയും എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും നാസർ ഫൈസി കൂടത്തായിക്കെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തു വന്നിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നിയും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം പങ്കുവച്ചിരുന്നു.

Read Also: ബിജെപിയുടെ ജനസമ്പര്‍ക്കപരിപാടിയുമായി സഹകരിച്ച നാസര്‍ ഫൈസി കൂടത്തായിക്ക് സസ്പെന്‍ഷന്‍

സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെ അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന തരത്തിലാണ് ചര്‍ച്ച ഉണ്ടായത്. ഇതേപ്പറ്റി കേന്ദ്രമന്ത്രി വി മുരളീധരനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയും ചെയ്തു. ജോര്‍ജ് ഓണക്കൂര്‍ ബിജെപിക്കാരനല്ലെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ് വേദികളില്‍ കണ്ടിട്ടുണ്ടല്ലോ എന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.  ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത ചിത്രം കണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അതു ശരിയാണ്, ഞങ്ങള്‍ ശത്രുക്കളെയാണ് വീട്ടില്‍ പോയി കാണുന്നത് എന്നും മുരളീധരന്‍ പ്രതികരിച്ചു. 

Read Also: ഉത്തരം മുട്ടിച്ച് ഓണക്കൂര്‍; പൗരത്വ നിയമം വിശദീകരിക്കാനിറങ്ങിയ ബിജെപിക്ക് എട്ടിന്‍റെ പണി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ