
ആലപ്പുഴ: വിളവെടുത്ത നെല്ലും കൊണ്ട് സർക്കാർ പോയിട്ട് മാസം മൂന്നായി. ഇനിയും അതിന്റെ പണം കർഷകർക്ക് കിട്ടിയില്ല. സംഭവത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിലെ കേരള ബാങ്കിന് മുന്നിൽ കുട്ടനാട്ടിലെ പാടശേഖര സമിതികൾ സമരം നടത്തി. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരും കർഷകരും തമ്മിൽ തർക്കം ഉണ്ടായി. ഇത് കുറച്ച് സമയം സംഘർഷത്തിനിടയാക്കി. പിന്നീട് കർഷകർ പാഡി ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു.
നെല്ല് കിളിർത്ത് തുടങ്ങിയപ്പോഴാണ് കഴിഞ്ഞ നവംബറിൽ സർക്കാർ നെല്ലിന്റെ സംഭരണം തുടങ്ങിയത് തന്നെ. ഇപ്പോൾ 3 മാസം പിന്നിട്ടു. കുട്ടനാട്ടിൽ മാത്രം കർഷകർക്ക് സർക്കാർ കൊടുക്കാനുള്ളത് 130 കോടി രൂപയാണ്. വട്ടിപ്പലിശക്ക് പണമെടുത്ത് വരെ കൃഷിയിറക്കിയ കർഷകർ ദുരിതക്കയത്തിൽ നട്ടം തിരിയുകയാണ്. അഞ്ച് പാടശേഖര സമിതികൾ സർക്കാർ നിലപാടിനെ തുടർന്ന് കൃഷി തന്നെ ഉപേക്ഷിച്ചു.
ഈ സാഹചര്യത്തിലാണ് ഇന്ന് അമ്പലപ്പുഴയിലെ കേരളാ ബാങ്ക് ശാഖക്ക് മുന്നിൽ കുട്ടനാട്ടിലെ പാടശേഖര സമിതികളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും സമരത്തിനെത്തിയത്. എന്നാൽ കർഷകരും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടായ തർക്കം ഇവിടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തിച്ചു.
സര്‍ക്കാർ പണം നൽകാതെ തങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ കർഷകരോടുള്ള ചോദ്യം. ബാങ്കിന് മുന്നിലെ സമരത്തിന് ശേഷം കര്‍ഷകര്‍ മാങ്കൊമ്പിലെ പാഡി ഓഫീസിനു മുന്നിലെത്തി. ഇവിടെയും ഇവർ പ്രതിഷേധം തുടര്‍ന്നു. സർക്കാർ ഉടനടി പണം നൽകിയില്ലെങ്കിൽ കർഷരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam