കുവൈത്ത് ദുരന്തം: സാഹസികമായി രക്ഷപ്പെട്ട് മലയാളി, 'തീ കണ്ട് നളിനാക്ഷന്‍ ചാടിയത് വാട്ടര്‍ ടാങ്കിലേക്ക്'

Published : Jun 13, 2024, 12:30 PM IST
കുവൈത്ത് ദുരന്തം: സാഹസികമായി രക്ഷപ്പെട്ട് മലയാളി, 'തീ കണ്ട് നളിനാക്ഷന്‍ ചാടിയത് വാട്ടര്‍ ടാങ്കിലേക്ക്'

Synopsis

'സംഭവ ശേഷം നളിനാക്ഷനുമായി കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. വായില്‍ നിന്ന് ചോര വരുന്നുണ്ട്, സംസാരിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്..'

കാസര്‍ഗോഡ്: കുവൈത്ത് തീപിടിത്തത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ നളിനാക്ഷനാണ് തീ ശ്രദ്ധയില്‍പ്പെട്ടതോടെ, വാട്ടര്‍ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴെയുണ്ടായിരുന്ന വാട്ടര്‍ ടാങ്കിലേക്ക് നളിനാക്ഷന്‍ ചാടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. 

സംഭവത്തെ കുറിച്ച് ബന്ധു ബാലകൃഷ്ണന്‍ പറഞ്ഞത്: '11 മണിയോടെയാണ് വിവരം അറിഞ്ഞത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് നളിനാക്ഷന്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയായിരുന്നു. പക്ഷെ പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ സമീപത്തെ ഫ്‌ളാറ്റിലുണ്ടായിരുന്ന ബന്ധുക്കള്‍ നളിനാക്ഷനെ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവ ശേഷം നളിനാക്ഷനുമായി കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. വായില്‍ നിന്ന് ചോര വരുന്നുണ്ട്, സംസാരിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്. വീഴ്ചയില്‍ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അതിന്റെ ഓപ്പറേഷന്‍ നടക്കാനിരിക്കുകയാണ്.'


മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും

തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരുക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. 

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട്  അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. 

'നാട്ടില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, കുവൈത്തില്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു'; സാജനെ കുറിച്ച് പിതാവ്
 

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന