
തൃശ്ശൂർ: കുവൈറ്റില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്‍റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഈ മാസം 20 ന് ചാവക്കാട് നഗരസഭ കൗണ്‍സില്‍ കൂടി തീരുമാനമെടുക്കും. നേരത്തെ സുരേഷ് ഗോപി വീടു നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബിനോയിയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് വീട്ടിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും അറിയിച്ചു.
ചാവക്കാട്ടെ വീട്ടിലെത്തി ബിനോയിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാജന്‍. ബിനോയ് തോമസിന്‍റെ കുടുംബത്തിന് ലൈഫ് പദ്ധതി വഴി വീട് നല്‍കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയുടെ ലൈഫ് പട്ടികയില്‍ ബിനോയിയുടെ കുടുംബത്തിന്‍റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി വീടനുവദിക്കാനാണ് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബിനോയ് തോമസിന്‍റെ വീട്ടിലെത്തി വീട് നല്‍കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ബിനോയിയുടെ മൂത്തമകന്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. പ്രവാസി മലയാളി വ്യവസായികള്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബിനോയിയുടെ മകനും ജോലി ലഭിക്കുന്നതിന് ഇടപെടുമെന്ന് മന്ത്രി ആര്‍ ബിന്ദു കുടുംബാംഗങ്ങളെ അറിയിച്ചു. ബിനോയിയുടെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് ഏറെ ആശ്വാസകരമാണ് വീടും ജോലിയും ഉറപ്പാക്കുമെന്ന പ്രഖ്യാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam