സിദ്ദിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിലേക്ക്; നാളെ കരിദിനം ആചരിക്കും

By Web TeamFirst Published Apr 25, 2021, 6:22 PM IST
Highlights

വരും ദിവസങ്ങളിൽ രാജ്ഭവന് മുന്നിൽ ധർണ്ണ ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനും തീരുമാനമായി.

തിരുവനന്തപുരം: യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശിലെ മഥുര ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പാന്‍റെ മോചനം ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. നാളെ കരിദിനം ആചരിക്കും. വരും ദിവസങ്ങളിൽ രാജ്ഭവന് മുന്നിൽ ധർണ്ണ ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനും തീരുമാനമായി.

കഴിഞ്ഞ ദിവസം സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ വിവരമറിയിച്ചത്. ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന കാപ്പന്‍റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കടുത്ത പ്രമേഹമടക്കം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കാപ്പനെ മഥുര ജയിലില്‍ നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

click me!