കുഴൽമന്ദം വാഹനാപകടം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്ത് മരിച്ച യുവാവിന്‍റെ കുടുംബം

Published : Feb 12, 2022, 01:26 PM IST
കുഴൽമന്ദം വാഹനാപകടം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്ത് മരിച്ച യുവാവിന്‍റെ കുടുംബം

Synopsis

പൊലീസ് കേസ് ശരിയായി അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അപകടത്തിൽ മരിച്ച ആദർശിന്‍റെ കുടുംബം വ്യക്തമാക്കി. 

പാലക്കാട്: കുഴൽമന്ദം വാഹനാപകടം അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് അപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബം. തുടക്കത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായെന്നും നിസാര വകുപ്പ് ചുമത്തി. പ്രതിയെ വിട്ടയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അപകടത്തിൽ  മരിച്ച ആദർശിന്‍റെ കുടുംബം. 

കെഎസ്ആർടിസി ഡ്രൈവർ പ്രകോപിതനായിരുന്നുവെന്ന നിലപാടിൽ കുടുംബം ഉറച്ച് നിൽക്കുന്നു. കാടാംകോട് വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ തർക്കം ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ പ്രകോപനമാണ് പിന്നീട് ബോധപൂർവ്വം അപകടമുണ്ടാക്കാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് കേസ് ശരിയായി അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അപകടത്തിൽ മരിച്ച ആദർശിന്‍റെ കുടുംബം വ്യക്തമാക്കി. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പാലക്കാട് വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻകുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കെഎസ്ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി എൽ ഔസേപ്പിനെ കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കെഎസ്ആർടിസി ഇയാളെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. നിലവിൽ ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ