'ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേ', കെ വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു': വിഡി സതീശൻ 

By Web TeamFirst Published May 13, 2022, 12:25 PM IST
Highlights

'പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്'

തിരുവനന്തപുരം: പാർട്ടി വിരുദ്ധ നടപടികളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ കെവി തോമസിനെ(KV Thomas) സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (vd satheesan). ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്നാണ് പുറത്താക്കൽ നടപടിയോട് വി ഡി സതീശൻ പ്രതികരിച്ചത്. 

'കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെ വി തോമസ് ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോൺഗ്രസ് ഇനി കൊടുക്കാനുള്ളത്. പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്'. കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും കെ വി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വി ഡി സതീശൻ പറഞ്ഞു. 

'ഇത് ഒരു തരം സിൻഡ്രം'; കെ റെയില്‍ വിഷയത്തില്‍ കെ വി തോമസിന്‍റെ രണ്ട് നിലപാടുകള്‍ ചോദ്യം ചെയ്ത് ടി സിദ്ദിഖ്

എന്നാൽ അതേ സമയം, കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നുമുള്ള നിലപാടിലാണ് കെ വി തോമസ്. കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെവി തോമസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും അതിനാൽ താൻ എൽഡിഎഫിലേക്ക് പോകില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

KV Thomas : 'ഇനി കാത്തിരിക്കാനാകില്ല'; കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് സുധാകരന്‍

തൃക്കാക്കരയിലെ ഇടത് കൺവെൻഷനിൽ പങ്കെടുത്തതോടെ മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമാണ് പുറത്താക്കൽ നടപടി വിശദീകരിച്ച് കെപിസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടത്. 

click me!