
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ റെ റെയിലുമായി (K Rail) ബന്ധപ്പെട്ട വിഷയങ്ങളില്‍ കെ വി തോമസിന്‍റെ (K V Thomas) രണ്ട് നിലപാടുകള്‍ ചൂണ്ടിക്കാട്ടി ടി സിദ്ദിഖ് എംഎല്‍എ. കഴിഞ്ഞ ഡിസംബറില്‍ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്ത് കെ റെയിലിനെതിരെ രൂക്ഷമായ ഭാഷയിൽ കെ വി തോമസ് സംസാരിച്ചതാണ് സിദ്ദിഖ് ആദ്യം ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തിന് രണ്ട് ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് കെ റെയിലിനെ കെ വി തോമസ് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ കൊണ്ട് വരാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസും യുഡിഎഫും ആവശ്യമായ ചർച്ചകളും മുന്നൊരുക്കങ്ങളും നടത്തി. എന്നാൽ പിണറായി വിജയൻ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ കേരളത്തെ വൻ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്. ഇത് തന്നെ ഫേസ്ബുക്കിലും കെ വി തോമസ് കുറിച്ചു.
K V Thomas : കെ വി തോമസ് ഇടത് വേദിയിൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള്‍ അണിയിച്ച് ഇ പി
എന്നാല്‍, ഈ വര്‍ഷം മെയില്‍ എത്തിയപ്പോള്‍ കെ റെയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണെന്നും പിണറായി വിജയൻ വികസനത്തിന്റെ നായകനും കാരണഭൂതനുമാണെന്നുമാണ് കെ വി തോമസ് പറഞ്ഞുവെയ്ക്കുന്നത്. ഇത് ഒരു തരം സിൻഡ്രം ആണെന്ന് പറയാതെ വയ്യ. ഒരു കാര്യം ഉറപ്പാണു, വയർ നിറച്ച് സദ്യ കഴിച്ചിട്ടും വിശപ്പ് മാറാതെ പോയിരിക്കുന്നത് വിളിച്ചിരുത്തി ഇലയിട്ട് സദ്യ വിളമ്പാത്ത ഇടത്തേക്കാണെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കെവി തോമസ് പറയുന്നത്. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെ വി തോമസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും അതിനാൽ താൻ എൽഡിഎഫിലേക്ക് പോകില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. കോൺഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. എൽഡിഎഫിലേക്ക് പോകില്ല. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അറിയിച്ചത്. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമാണ് നടപടി വിശദീകരിച്ച് കെപിസിസി അധ്യക്ഷൻ പറഞ്ഞത്.
പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും തോമസിനെ ഇതുവരെ അവഗണിച്ചു വിടുകയായിരുന്നു കെപിസിസി. അച്ചടക്കലംഘനത്തിൻറെ എല്ലാ അതിരും ലംഘിച്ച് തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങി മുഖ്യമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് നേതാക്കളെ വിമർശിച്ചതോടെയാണ് പുറത്താക്കാൽ നടപടി. കെ വി തോമസുമായി അവശേഷിച്ചിരുന്ന സാങ്കേതിക ബന്ധം കൂടിയാണ് കോൺഗ്രസ് ഇതോടെ മുറിച്ചുമാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam