
ദില്ലി: വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത കെ വി തോമസിനെ പദവികളില്‍ നിന്ന് നീക്കി എഐസിസി. അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അംഗീകരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ടാണ് കടുത്ത നടപടികള്‍ നേതൃത്വം ഒഴിവാക്കിയത്.
രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി എക്സ്യൂക്യൂട്ടീവില്‍ നിന്നും കെ വി തോമസ് പുറത്തായി. പദവികളില്‍ നിന്ന് നീക്കാനുള്ള അച്ചടക്ക സമിതിയുടെ ശുപാർശക്ക് കോണ്‍ഗ്രസ് അധ്യക്ഷ വൈകിട്ടോടെ അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ പുറത്തിറങ്ങും. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാങ്കേതികമായി എഐസിസി അംഗം എന്ന സ്ഥാനത്ത് നിന്ന് പ്രത്യേകം ഒഴിവാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിനൊപ്പം നിലപാട് നേരിട്ട് വ്യക്തമാക്കാനുള്ള അവസരം വേണമെന്നും കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് എകെ ആന്‍റണി അധ്യക്ഷനായി സമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്. നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാല്‍ കര്‍ശനമായ നടപടി വേഗത്തില്‍ കൈക്കൊള്ളണമെന്ന് കെപിസിസി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കടുത്ത നടപടിയുണ്ടായില്ല. ഒരു സെമിനാറിൽ പങ്കെടുത്തതിന് പാർട്ടി പുറത്താക്കിയാൽ കെ വി തോമസ് രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തൽ ഉണ്ടായി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കെ വി തോമസ് അങ്ങനെയൊരു വീരപരിവേഷത്തോടെ ഇടത്തോട് ചായുമെന്നത് കൂടി മുന്നില്‍ കണ്ടാണ് പാർട്ടി നീക്കം. ഒപ്പം ദേശീയ പ്രാധാന്യമുള്ള ഒരു സെമിനാറിൽ പങ്കെടുത്തതിലുള്ള കടുത്ത നടപടി പാര്‍ട്ടിക്ക് ദേശീയ തലത്തിൽ മറ്റു പാർട്ടികളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നതും കൂടി കണക്കിലെടുത്താണ് പുറത്താക്കല്‍ ഒഴിവാക്കിയത്. ആദ്യ തവണ വിശദീകരണം നല്‍കിയപ്പോള്‍ മുന്‍പും നേതാക്കള്‍ ഇടതുവേദികളിൽ സഹകരിച്ചത് കെവി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ രണ്ടാമതും സമിതിക്ക് കത്തയച്ച് വിഡി സതീശന്‍ മുഖ്യമന്ത്രിയോടൊപ്പം ഇഫ്താര്‍ പാർട്ടിയില്‍ പങ്കെടുത്തതും വിഷ്ണുനാഥ് എഐഎസ്എഫ് വേദിയില്‍ പോയതും ചൂണ്ടിക്കാട്ടിയിരുന്നു. നേതാക്കള്‍ക്ക് എതിരെ മോശം പരാമർശം നടത്തിയ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കറിനെയും എല്ലാം പദവികളില്‍ നിന്നും നീക്കിയിട്ടുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam