
തിരുവനന്തപുരം : വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനോട് പ്രതികരിച്ച് കെവി തോമസ് (KV Thomas). അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും പ്രതികരിച്ചു.
അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കും. കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും തോമസ് ആവർത്തിച്ചു. അച്ചടക്ക സമിതിക്ക് സുധാകരൻ നൽകിയ പരാതി പരിശോധിക്കട്ടേയെന്നാവർത്തിച്ച കെവി തോമസ് എന്ത് നടപടിയായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. 2008 മുതലുള്ള കാര്യങ്ങൾ മറുപടിയിൽ വിശദീകരിക്കും. ഞാനാണോ അവരാണോ ശരിയെന്ന് കമ്മിറ്റി പരിശോധിക്കട്ടേയെന്നും പ്രതികരിച്ചു.
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം. എ.കെ.ആൻ്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തിൽ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നൽകും. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി.തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തിരക്കിട്ടുള്ള നടപടികൾവേണ്ടെന്നും പാര്‍ട്ടി ചട്ടപ്രകാരമുള്ള നടപടികൾ മതിയെന്നുമുള്ള നിലയിലുമാണ് നേതൃത്വം എന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിലൂടെ വ്യക്തമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam