കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു, സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല; 'നടപടി ആവശ്യ'ത്തിൽ പ്രതികരിച്ച് കെ വി തോമസ്

Published : Apr 09, 2022, 08:15 PM ISTUpdated : Apr 09, 2022, 08:16 PM IST
 കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു, സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല; 'നടപടി ആവശ്യ'ത്തിൽ പ്രതികരിച്ച് കെ വി തോമസ്

Synopsis

കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ  കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺ​ഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു. 

കണ്ണൂർ: താൻ കോൺഗ്രസിൽ (Congress)  ഉറച്ചു നിൽക്കുന്നു എന്ന് കെ വി തോമസ് (K V Thomas) . കെപിസിസി (KPCC)  പ്രസിഡന്റ് കെ സുധാകരന്റെ (K Sudhakaran)  കത്തിനെ ഭയക്കുന്നില്ല. കോൺഗ്രസിൻ്റ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ല.കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് എന്നും കെ വി തോമസ് പ്രതികരിച്ചു. 

വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസിലെ (CPM Party Congress) സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ  കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തയച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ  കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺ​ഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു. 

പാർട്ടിയിൽ നിന്ന് നടപടി വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴിരിക്കുന്ന ഈ കെട്ടിടം പൊളിഞ്ഞു വീണാൽ എന്ത് ചെയ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ സുധാകരൻ വിളിച്ചാൽ വീട്ടിലേക്ക് ചെന്നു കാണുമെന്നും കെ വി തോമസ് പറഞ്ഞു. 

കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കെ സുധാകരൻ അയച്ച കത്തില്‍ പറയുന്നു. കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോൺഗ്രസ്സിനുള്ളതാണ്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സർക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്‍റെ പേരിൽ നടപടി എടുത്താൽ ദേശീയതലത്തിൽ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനിയറിയേണ്ടത്. പാർട്ടിയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തിൽ നിന്ന് മാത്രം മാറ്റിനിർത്തലും പരിഗണിച്ചേക്കും. 

Read Also: 'സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനം'; ഉപദേശിച്ചത് പിണറായി: വൈപ്പിനിൽ കണ്ട വിൽപവർ വാഴ്ത്തിയും കെ വി തോമസ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ, വാക്കും പ്രവര്‍ത്തിയും ഒരു പോലെയാകണം': വിമര്‍ശനവുമായി സിപിഐ നേതാവ്
തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ; 'പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്'