
കൊച്ചി: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെവി തോമസ്. നിരവധി തെരഞ്ഞെടുപ്പിൽ മത്സരിച്ചെന്നും ഇനി അങ്ങനെയൊരു കൊതിയില്ലെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സജീവ രാഷ്ട്രീയത്തിൽ വന്നാൽ സമ്മർദ്ദം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ നിലവിലെ സ്ഥിതിയിൽ നിരാശയുണ്ട്. ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്ന് പറഞ്ഞ കെ വി തോമസ് പൊതുശത്രു ബിജെപിയെന്നും കൂട്ടിച്ചേർത്തു. 2021നു ശേഷം ജീവിതത്തിൽ സ്വസ്ഥതയുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് വന്നാൽ സമ്മർദ്ദങ്ങൾ കൂടും. കേരളത്തിലാണെങ്കിൽ ആരോപണങ്ങളും ഉണ്ടാകും. താൻ നിരവധി ആരോപണങ്ങൾ നേരിട്ട ആളാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ അറിയിച്ചതാണെന്നും കെവി തോമസ് വെളിപ്പെടുത്തി.
യുഡിഎഫിൽ യോജിപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ ആരാണ് നേതാവ്? ഒരാള് നയിക്കാൻ വേണമല്ലോ. ആന്റണിയും കരുണാകരനുമെല്ലാം മുൻപ് പാർട്ടിയെ നയിച്ചിരുന്നു. ഞാൻ ഞാൻ എന്ന ഭാവം എന്നെങ്കിലും കോൺഗ്രസിന് ഉണ്ടായിട്ടുണ്ടോയെന്നും 'ഇന്ന് എത്ര ഞാൻമാരുണ്ടെ'ന്നും കെവി തോമസ് ചോദിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനോട് താൻ എതിരായിരുന്നു. ദേശീയ മുന്നണിയിലെ ഒരു പാർട്ടിക്ക് എതിരെ രാഹുൽ എന്തിനായിരുന്നു മത്സരിച്ചത്? മറ്റിടങ്ങളിൽ രാഹുലിന് മത്സരിക്കാമായിരുന്നുവെന്നും കെവി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam